Sports
റോം: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഇറ്റലിയെ തകർത്ത് ബെൽജിയം. വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബെൽജിയം വിജയിച്ചത്.
മൈക ഗോഡ്സും ഡോഡി ലൂക്ക്ബാക്കിയോയും ആണ് ബെൽജിയത്തിന് വേണ്ടി ഗോളുകൾ നേടിയത്. ഗോഡ്സ് 20-ാം മിനിറ്റിലും ലൂക്ക്ബാക്കിയോ 69-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബെൽജിയത്തിന് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ് ബെൽജിയം.
International
റോം: അറ്റകുറ്റപ്പണിക്കിടെ അപകടത്തിൽ മരിച്ച തൊഴിലാളിയോടുള്ള ആദരസൂചകമായി ഇറ്റാലിയൻ തലസ്ഥാനത്തെ കൊളോസിയം ഒരു ദിവസത്തേക്ക് അടച്ചിട്ടു. കൊളോസിയത്തിനുള്ളിൽ ലൈറ്റ് ഘടപ്പിക്കുകയായിരുന്ന ഇരുപത്തിരണ്ടു വയസുള്ള ടെക്നീഷ്യനാണ് കഴിഞ്ഞദിവസം രാത്രി വീണു മരിച്ചത്.
ഇതേത്തുടർന്ന് ഭാഗികമായി കൊളോസിയം അടച്ചിടാനായിരുന്നു ആദ്യ തീരുമാനം. ഇറ്റലിയിലെ തൊഴിലാളി സംഘടനകൾ പ്രതിഷേധിച്ചതോടെ ബുധനാഴ്ച കൊളോസിയം തുറക്കില്ലെന്ന് സാസ്കാരിക വകുപ്പ് മന്ത്രി അലസാന്ദ്രോ അറിയിച്ചു. ടൂറിസ്റ്റുകളേക്കാൾ മനുഷ്യത്വത്തിനാണ് പ്രാധാന്യം നല്കേണ്ടതെന്ന് തൊഴിലാളി യൂണിയനുകൾ പറഞ്ഞു.
രണ്ടായിരം വർഷം മുന്പ് നിർമിച്ച കൊളോസിയം റോമാ സാമ്രാജ്യത്തിലെ ഏറ്റവും വലിയ ആംഫിതിയേറ്റർ ആയിരുന്നു. ഗ്ലാഡിയേറ്റർമാരുടെ പോരാട്ടങ്ങളും വധശിക്ഷകളും ഇവിടെ നടത്തിയിരുന്നു. ഇന്ന് ഇറ്റലിയിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തുന്ന സ്ഥലമാണ്.
International
റോം: ഇറ്റലിയിലെ സ്കൂളുകളിൽ വിദ്യാർഥികളുടെ മുഖം മറയ്ക്കുന്ന ബുർഖയും നിഖാബും നിരോധിക്കാൻ സർക്കാർ. ഭരണകക്ഷിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ യുവജന വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ക്ലാസുകളിൽ വിദേശ വിദ്യാർഥികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കാനും ഇറ്റാലിയൻ സർക്കാർ തീരുമാനിച്ചു. സ്കൂളുകളിൽ വിദ്യാർഥികൾ മുഖം തുറന്നുതന്നെ എത്തണമെന്നും പാരമ്പര്യത്തിന്റെ പേരിലായാൽ പോലും പെൺകുട്ടികൾ മുഖം മറയ്ക്കണമെന്ന് നിർബന്ധിക്കാൻ ആർക്കും അവകാശമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
എന്നാൽ തലമുടി മാത്രം മറയ്ക്കുന്ന ഹിജാബ് നിരോധനത്തിന്റെ പരിധിയിൽ വരുന്നില്ല. സ്കൂളുകളിൽ ഇറ്റാലിയൻ ഭാഷ പഠിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന വിദേശ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ഭാഷാ പഠനം നിർബന്ധമാക്കുമെന്നും മെലോണി പ്രഖ്യാപിച്ചു.
ഇറ്റലിയിൽ വന്ന് തങ്ങളുടെ ഭാവി കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും നമ്മുടെ ഭാഷ പഠിക്കുകയും സംസ്കാരം മനസിലാക്കുകയും നിയമങ്ങളെ ബഹുമാനിക്കുകയും വേണമെന്നും പ്രധാനമന്ത്രിജോർജിയ മെലോണി കൂട്ടിച്ചേർത്തു.
International
ലോകം കണ്ടതിൽ ഏറ്റവും വലിയ പുരാവസ്തു തട്ടിപ്പുകാരിലൊരാളാണ് മോൻസൻ മാവുങ്കൽ. മോശയുടെ അംശവടി, യേശുക്രിസ്തുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസിനു ലഭിച്ച 30 വെള്ളിക്കാശുകളിൽ രണ്ട് എണ്ണം, യേശുക്രിസ്തുവിന്റെ രക്തം പുരണ്ട വസ്ത്രത്തിന്റെ ഭാഗം, മദർ തെരേസയുടെ മുടിയിഴ, ശ്രീകൃഷ്ണന്റെ വെണ്ണക്കുടം, ടിപ്പു സുൽത്താന്റെ സിംഹാസനം, വാളുകൾ, ശബരിമല ചെന്പോല, മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിളക്ക്, രാജാ രവിവർമയുടെയും പിക്കാസോയുടെയും ഡാവിഞ്ചിയുടെയും യഥാർഥ ചിത്രങ്ങൾ, മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ മോതിരം തുടങ്ങി നിരവധി അമൂല്യ പുരാവസ്തുക്കൾ തന്റെ പക്കലുണ്ടെന്നു വിശ്വസിപ്പിച്ചായിരുന്നു മോൻസന്റെ തട്ടിപ്പ്. കൊച്ചി കലൂരിലെ വീട് പുരാവസ്തു മ്യൂസിയമായി ഇയാൾ മാറ്റിയിരുന്നു. രാഷ്ട്രീയക്കാർ, സിനിമാക്കാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ഇയാൾക്ക് അടുത്തബന്ധം ഉണ്ടായിരുന്നു.
മോൻസനെപ്പോലെയുള്ള മറ്റൊരു തട്ടിപ്പുവീരന്റെ കഥകേട്ട്, ആളുകൾ തലയിൽ കൈവച്ചു! യൂറോപ്യൻ യൂണിയനെവരെ വെട്ടിൽവീഴ്ത്തിയ തട്ടിപ്പ്. ഇറ്റലിയിലാണു സംഭവം. ആംഫി തിയറ്ററിന്റെ മാതൃകയിൽ കെട്ടിടം നിർമിച്ച്, പ്രാചീന ഗ്രീക്ക് ആംഫി തിയറ്ററാണെന്ന് വിനോദസഞ്ചാരികളെ വിശ്വസിപ്പിച്ച്, വർഷങ്ങളോളം തട്ടിപ്പുനടത്തിയ 69കാരനായ ഇറ്റാലിയൻ സ്വദേശി ഫ്രാങ്കോ മലോസോ നിസാരക്കാരനല്ല. യുറോപ്യൻ യൂണിയന്റെ ടൂറിസ്റ്റ് ഗൈഡിൽ വരെ ഇയാളുടെ വ്യാജ തിയറ്റർ ഇടംപിടിച്ചിരുന്നു. കോടികളാണ് ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തത്.
വടക്കൻ ഇറ്റലിയിലെ വെനെറ്റോ മേഖലയിലുള്ള വിസെൻസയ്ക്കു സമീപമാണ് മലോസോ വ്യാജ സ്മാരകം നിർമിച്ചത്. 5,000 ചതുരശ്ര മീറ്ററിലായിരുന്നു നിർമാണം. ഗാരേജ് നിർമിക്കാൻ അനുമതി നേടിയ സ്ഥലത്ത് പിന്നീട്, ഇയാൾ രഹസ്യമായി നിർമിതികൾക്കു രൂപം നൽകുകയായിരുന്നു. ചരിത്രപ്രാധാന്യമുള്ള ആംഫി തിയേറ്ററിന്റെ ഏകദേശ മാതൃകയിലായിരുന്നു നിർമാണം. തുടർന്ന് ഇയാൾ വ്യാജപ്രചാരണം ആരംഭിച്ചു. 2005-ൽ ഉരുൾപൊട്ടലിനെത്തുടർന്നാണു പുരാശേഷിപ്പുകൾ കണ്ടെത്തിയതെന്നായിരുന്നു ഇയാളുടെ അവകാശവാദം. ബെറിക്കോ ആംഫിതിയേറ്റർ എന്നാണ് ഇയാൾ ആംഫി തിയറ്ററിനു പേരിട്ടത്. 2014-ൽ വിനോദസഞ്ചാരികൾക്കായി തിയറ്റർ തുറന്നുകൊടുക്കുകയും ചെയ്തു മലോസോ. സംഗീത പരിപാടികൾ, ചരിത്ര സെമിനാറുകൾ തുടങ്ങിയ വിവിധ പരിപാടികൾ അവിടെ സംഘടിപ്പിക്കുകയും ചെയ്തു.
NRI
ബെർലിൻ: ജർമനിയിൽ നിന്ന് അഭയാർഥികളെ ഡബ്ലിൻ ചട്ടപ്രകാരം ഇറ്റലിയിലേക്ക് തിരിച്ചയക്കാനുള്ള നീക്കത്തിന് തിരിച്ചടി. ജർമനിയിൽ നിന്ന് നാടുകടത്താൻ തീരുമാനിച്ച അഭയാർഥികളെ തിരിച്ചെടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സർക്കാർ വിസമ്മതിച്ചു.
ഇതോടെ യൂറോപ്യൻ യൂണിയന്റെ പുതിയ കുടിയേറ്റ - അഭയ നയത്തെച്ചൊല്ലി ജർമനിയും ഇറ്റലിയും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമായി. ഈ മാസം 19ന് ജർമനിയിൽ നിന്ന് ഇറ്റലിയിലേക്ക് മാറ്റാൻ നിശ്ചയിച്ചിരുന്ന മൂന്ന് അഭയാർഥികളുടെ കൈമാറ്റമാണ് റോം നിരസിച്ചത്.
ഇറ്റലി വഴി യൂറോപ്യൻ യൂണിയനിൽ പ്രവേശിച്ച് പിന്നീട് ജർമനിയിലെ ബന്ധുക്കളുടെ അടുത്തെത്തിയ 22 വയസുകാരിയായ സൊമാലിയൻ യുവതിയും ഇവരിൽ ഉൾപ്പെടുന്നു.
ജർമനിയുടെ നിലപാട്
ജൂൺ 12ന് പ്രാബല്യത്തിൽ വന്ന യൂറോപ്യൻ യൂണിയന്റെ പുതിയ കുടിയേറ്റ - അഭയ കരാർ പ്രകാരം, അഭയാർഥികൾ യൂറോപ്പിൽ ആദ്യം പ്രവേശിച്ച രാജ്യത്തേക്ക് അവരെ തിരിച്ചയക്കാൻ നിയമപരമായ വ്യവസ്ഥയുണ്ടെന്നാണ് ജർമൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.
സൊമാലിയൻ യുവതിയുടെ കേസിൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഇറ്റലി മറുപടി നൽകാതിരുന്നതിനാൽ, ഡബ്ലിൻ ചട്ടപ്രകാരം അഭയാർഥിയെ സ്വീകരിക്കാൻ ഇറ്റലി സമ്മതിച്ചതായി കണക്കാക്കാമെന്നാണ് ജർമ്മനിയുടെ വാദം.
മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലൂടെ ആദ്യം പ്രവേശിച്ച ശേഷം ജർമനിയിൽ അഭയം തേടിയെത്തുന്നവരുടെ എണ്ണം വലിയ തോതിലാണ്.
2025ൽ ജർമനി സമർപ്പിച്ച 35,900 കൈമാറ്റ അപേക്ഷകളിൽ 23,900 എണ്ണത്തിന് അനുമതി ലഭിച്ചെങ്കിലും 5,370 പേരെ മാത്രമാണ് യഥാർഥത്തിൽ തിരിച്ചയക്കാൻ കഴിഞ്ഞത്.
ഇറ്റലിയുടെ കടുത്ത നിലപാട്
ജർമനിയുടെ വാദം ഇറ്റലി അംഗീകരിക്കുന്നില്ല. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള കേസുകളാണ് നിലവിലുള്ളതെന്നും ഇത്തരം പഴയ കേസുകൾ പരിഗണിക്കേണ്ടതില്ലെന്ന ധാരണ ബെർലിനുമായി ഉണ്ടായിരുന്നുവെന്നുമാണ് ഇറ്റാലിയൻ ആഭ്യന്തരമന്ത്രി മാറ്റിയോ പിയാന്തെദോസി വ്യക്തമാക്കുന്നത്.
ജർമൻ എൻജിഒകളുടെ രക്ഷാപ്രവർത്തന കപ്പലുകൾ മെഡിറ്ററേനിയൻ കടലിൽ നിന്ന് രക്ഷപ്പെടുത്തി ഇറ്റാലിയൻ തീരത്ത് എത്തിച്ച അഭയാർഥികളുടെ എണ്ണവും പരിഗണിക്കണമെന്നാണ് ഇറ്റലിയുടെ ആവശ്യം. ഈ വർഷം ഇതുവരെ ജർമൻ എൻജിഒകളുടെ കപ്പലുകൾ വഴി ഏകദേശം 2,200 അഭയാർഥികൾ ഇറ്റാലിയൻ തീരത്തെത്തിയതായാണ് കണക്ക്.
അഭയാർഥി വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി ജോർജിയ മെലോണി. അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനും അനധികൃത കുടിയേറ്റം തടയുന്നതിനുമുള്ള നടപടികൾ തുടരുമെന്നും മെലോണി വ്യക്തമാക്കിയിട്ടുണ്ട്.
ഇറ്റലിയുടെ പുതിയ നിലപാട് ജർമനിയുടെ തിരിച്ചയക്കൽ നയത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഭിന്നത യൂറോപ്യൻ യൂണിയന്റെ പൊതുവായ കുടിയേറ്റ - അഭയനയം നടപ്പാക്കുന്നതിലും കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലുമുണ്ട്.
International
മാഡ്രിഡ്: കുടിയേറ്റ വിഷയത്തിൽ സ്പെയിനും ഇറ്റലിയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷം. ഇറ്റലിക്കാർക്ക് സ്പെയിൻ യാത്രാനിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. നേരത്തേ ഇറ്റലി സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു മറുപടിയായിട്ടാണിത്.
ഒരാഴ്ച മുന്പ് ആയിരക്കണക്കിനു കുടിയേറ്റക്കാർ ആഫ്രിക്കയിലെ സ്പാനിഷ് പ്രദേശമായ സെവ്തയിൽ പ്രവേശിക്കാൻ ശ്രമിച്ച സംഭവത്തിന്റെ തുടർച്ചയാണ് സ്പെയിൻ-ഇറ്റലി ഏറ്റുമുട്ടൽ.
സ്പെയിനിനും ഇറ്റലിക്കും ഇടയിൽ കര അതിർത്തിയില്ല. യൂറോപ്യൻ യൂണിയനിലെ അംഗങ്ങൾ എന്ന നിലയിൽ ഷെങ്കൻ കരാറിന്റെ ഭാഗമായി ഇരു രാജ്യവും പരസ്പരം വ്യോമ, കടൽ യാത്രയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പാടില്ലാത്തതുമാണ്.
എന്നാൽ, സെവ്തയിലേക്കുള്ള കുടിയേറ്റം യൂറോപ്യൻ യൂണിയനെ മുഴുവൻ ബാധിക്കുമെന്ന് ഇറ്റലിയലിലെ കുടിയേറ്റവിരുദ്ധ പ്രധാനമന്ത്രി ജോർജിയ മെലോണി ഭയന്നു. സ്പെയിനുമായിട്ടുള്ള ഷെങ്കൻ കരാർ റദ്ദാക്കിയതായി മലോണി പ്രഖ്യാപിച്ചു. ഇത് സ്പെയിനിൽനിന്ന് ഇറ്റലിയിലേക്കു വരുന്ന ഇതര രാജ്യക്കാരെ ഉദ്ദേശിച്ചാണെന്നും സ്പാനിഷ് പൗരന്മാർക്കു ബാധകമല്ലെന്നും ഇറ്റലി വിശദീകരിച്ചു. എന്നാൽ സ്പാനിഷ് പൗരന്മാർക്ക് വിമാനത്താവളങ്ങൾ കടുത്ത പരിശോധനങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
ഇതേത്തുടർന്ന് യാത്രാ നിയന്ത്രണങ്ങൾ നീക്കണമെന്ന് സ്പെയിനിലെ ഇടതുപക്ഷ പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന്റെ ഭരണകൂടം ഇറ്റലിയോട് അഭ്യർഥിച്ചു. നിയന്ത്രണങ്ങൾ ഓഗസ്റ്റ് 15 വരെ തുടരുമെന്നായിരുന്നു ഇറ്റലിയുടെ മറുപടി. തുടർന്നാണ് ഇറ്റലിക്കാർക്കെതിരേ സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സ്പെയിൻ അറിയിച്ചത്. ഇതുപ്രകാരം കടൽവഴിയും വ്യോമാർഗവും സ്പെയിനിലെത്തുന്ന ഇറ്റലിക്കാർ പരിശോധന നേരിടേണ്ടിവരും.
International
റോം: സ്പെയിനിലെ സെവുത്ത അതിർത്തി വഴി യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വൻതോതിൽ വർധിച്ചതോടെ, സ്പെയിനുമായുള്ള ഷെങ്കൻ കരാർ താത്കാലികമായി സസ്പെൻഡ് ചെയ്ത് ഇറ്റലി. യൂറോപ്യൻ രാജ്യങ്ങളിൽ സഞ്ചാര സ്വാതന്ത്ര്യം നൽകുന്ന കരാർ താത്കാലികമായി സസ്പെൻഡ് ചെയ്തതോടെ അതിർത്തികളിൽ കർശന പരിശോധനകൾ ഏർപ്പെടുത്തി ഇറ്റലി.
സ്പെയിനിന്റെ പ്രദേശമായ സെവുത്ത വഴി പതിനായിരക്കണക്കിനു കുടിയേറ്റക്കാരാണ് യൂറോപ്യൻ യൂണിയനിലേക്കു കടക്കാൻ ശ്രമിക്കുന്നത്. ഈ സാഹചര്യം രാജ്യത്തിന്റെ സുരക്ഷയ്ക്കും ആഭ്യന്തര ക്രമസമാധാനത്തിനും ഭീഷണിയാണെന്നു ചൂണ്ടിക്കാണിച്ചാണ് ഇറ്റാലിയൻ ആഭ്യന്തരമന്ത്രാലയം കർശന നടപടിയിലേക്കു കടന്നത്. അഭയാർഥി പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സ്പെയിനിനു വീഴ്ച സംഭവിച്ചെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആരോപിച്ചിരുന്നു.
കരാർ റദ്ദാക്കിയതോടെ, സ്പെയിനിൽനിന്ന് ഇറ്റലിയിലേക്ക് എത്തുന്ന വിമാനങ്ങൾ, കപ്പലുകൾ, റോഡ് മാർഗമുള്ള വാഹനങ്ങൾ എന്നിവയിലെല്ലാം സുരക്ഷാ പരിശോധനകൾ പുനരാരംഭിച്ചു. വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റ പ്രവാഹം യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടാക്കുന്ന രാഷ്ട്രീയ-സുരക്ഷാ സമ്മർദത്തിന്റെ വ്യക്തമായ സൂചനയായാണ് ഇറ്റലിയുടെ നീക്കം വിലയിരുത്തപ്പെടുന്നത്.
അതേസമയം, നടപടി താത്കാലികമാണെന്നും സ്ഥിതിഗതികൾ വിലയിരുത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഇറ്റാലിയൻ സർക്കാർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ ഷെങ്കൻ നിയമത്തിലെ പ്രത്യേക വകുപ്പുകൾ ഉപയോഗിച്ച് അംഗരാജ്യങ്ങൾക്ക് അതിർത്തി പരിശോധനകൾ പുനഃരാരംഭിക്കാൻ അവകാശമുണ്ട്.
Sports
മിലാന്: ഇതിഹാസ ഇറ്റാലിയന് ഡിഫെന്ഡര് ഫ്രാങ്കോ ബറേസി (66) അന്തരിച്ചു. 1982ല് ഇറ്റലി ഫിഫ ലോകകപ്പ് നേടിയപ്പോള് ടീമിലെ നിര്ണായക താരമായിരുന്നു ഈ സെന്റര് ഡിഫെന്ഡര്. 1994 ഫിഫ ലോകകപ്പില് റണ്ണേഴ്സ് അപ്പും 1990ല് മൂന്നാം സ്ഥാനവും നേടിയ ഇറ്റാലിയന് ടീമിലുണ്ടായിരുന്നു.
ക്ലബ് കരിയറില് എസി മിലാനുവേണ്ടി മാത്രമാണ് ബറേസി കളിച്ചത്. 1980- 90 കാലഘട്ടത്തില് മിലാന്റെ ക്യാപ്റ്റനായിരുന്നു. മൂന്ന് യൂറോപ്യന് കപ്പുകളും ആറ് ഇറ്റാലിയന് ലീഗ് കിരീടങ്ങളും എസി മിലാന് സമ്മാനിച്ച നായകന് മണ്മറയുമ്പോള് ഒരു കാലഘട്ടത്തെ ഉരുക്കു പ്രതിരോധക്കോട്ടയുടെ സൗന്ദര്യംകൂടി അസ്തമിച്ചു.
പൗളൊ മാൾദീനി, മൗറോ ടാസോട്ടി, അലസാന്ഡ്രോ കോസ്റ്റാകുര്ട്ട എന്നിവര്ക്കൊപ്പം ചേര്ന്ന് ഒരു കാലഘട്ടത്തില് യൂറോപ്പിലെ എല്ലാ സ്ട്രൈക്കര്മാരും ഭയപ്പെട്ടിരുന്ന പ്രതിരോധനിര ബറേസി കെട്ടിപ്പടുത്തു.
ഇറ്റലിയുടെ ദേശീയ ടീമിനായി 81 മത്സരങ്ങളില് പ്രതിരോധകോട്ട തീര്ത്ത ബറേസി ക്ലബ് കരിയറില് 719 മത്സരങ്ങളില് പന്ത് തട്ടി. രാജ്യാന്തര കരിയറില് ഒരു ഗോളും ക്ലബ്ബിനായി 33 ഗോളും സ്വന്തമാക്കി. 1997ല് പ്രഫഷണല് ഫുട്ബോളില്നിന്നു വിരമിച്ചു.
1960 മേയില് ലോംബാര്ഡിയില് ജനിച്ച ഫ്രാന്ചിനോ ‘ഫ്രാങ്കോ' ബറേസി 1974ല് എസി മിലാന്റെ യൂത്ത് ടീമില് ചേര്ന്നു. 18-ാം വയസില് ടീമിലെ സ്ഥിരം അംഗമായും 22-ാം വയസില് ക്യാപ്റ്റനായും മാറി.
മികച്ച സാങ്കേതികത്തികവ്, എതിരാളികളുടെ നീക്കങ്ങള് മുന്കൂട്ടി കാണാനുള്ള കഴിവ്, ടാക്ലിംഗ് മികവ്, നേതൃപാടവം എന്നിവയാല് ശ്രദ്ധിക്കപ്പെട്ടു. 20-ാം നൂറ്റാണ്ടിലെ മികച്ച 100 ഫുട്ബോള് താരങ്ങളുടെ പട്ടികയില് 15-ാം സ്ഥാനത്തുണ്ടായിരുന്നു.
NRI
റോം: ദക്ഷിണ ഇറ്റലിയിലെ കാലാബ്രിയ ഉൾപ്പെടെയുള്ള വനമേഖലകളിൽ പടർന്നുപിടിക്കുന്ന കാട്ടുതീക്ക് പിന്നിൽ മാഫിയ സംഘങ്ങളാണെന്ന സ്ഥിരീകരിച്ച് ഇറ്റാലിയൻ അധികൃതർ.
കാട്ടുതീ വേഗത്തിൽ പടർത്താൻ മൃഗങ്ങളെ പോലും അതിക്രൂരമായി ഉപയോഗിക്കുന്ന രീതിയാണ് മാഫിയ സംഘങ്ങൾ പിന്തുടരുന്നത്.
തെരുവ് പൂച്ചകളുടെ ശരീരത്തിൽ തീക്കൊളുത്തി വനമേഖലകളിലേക്ക് അഴിച്ചുവിട്ടാണ് മാഫിയ സംഘങ്ങൾ വൻതോതിൽ കാട്ടുതീ പടർത്തുന്നത്.
കാട്ടിലേക്ക് ഭയന്നോടുന്ന പൂച്ചകൾ പോകുന്ന വഴികളിലെല്ലാം ഉണങ്ങിയ മരങ്ങൾക്കും പുല്ലുകൾക്കും തീപിടിക്കുന്ന രീതിയാണ് ഇവർ ഉപയോഗിക്കുന്നത്. രക്ഷാപ്രവർത്തകരെ പോലും നടുക്കിയ സംഭവമാണിത്.
മാഫിയാ സംഘങ്ങളുടെ ലക്ഷ്യം എന്ത്?
ഇറ്റാലിയൻ സുരക്ഷാ ഏജൻസികളുടെ അന്വേഷണത്തിൽ ഉയർന്നുവരുന്ന പ്രധാന കണ്ടെത്തലുകൾ:
ഭൂമി കൈയേറ്റവും റിയൽ എസ്റ്റേറ്റും: സംരക്ഷിത വനമേഖലകൾക്ക് തീയിട്ട് നശിപ്പിക്കുന്നതിലൂടെ, ഈ ഭൂമിയെ കൃഷിഭൂമിയാക്കിയോ നിർമാണ പ്രവർത്തനങ്ങൾക്ക് യോഗ്യമായ രീതിയിലോ മാറ്റിയെടുക്കുക എന്നതാണ് മാഫിയയുടെ ലക്ഷ്യം.
സർക്കാർ ഫണ്ടുകൾ തട്ടിയെടുക്കൽ: കാട്ടുതീ ഉണ്ടാകുമ്പോൾ പുനരധിവാസത്തിനും വനം വീണ്ടും വെച്ചുപിടിപ്പിക്കുന്നതിനുമായി സർക്കാർ അനുവദിക്കുന്ന ദശലക്ഷക്കണക്കിന് യൂറോയുടെ ആശ്വാസ ഫണ്ടുകളും കരാറുകളും തട്ടിയെടുക്കാൻ മാഫിയ ശ്രമിക്കുന്നു.
അധികാര പ്രകടനം: തങ്ങളുടെ താത്പര്യങ്ങൾക്ക് വഴങ്ങാത്ത പ്രാദേശിക ഭരണകൂടങ്ങൾക്കും അധികൃതർക്കും മേൽ സമ്മർദ്ദം ചെലുത്താനുള്ള ഒരു ഉപകരണമായി മാഫിയ ഈ ഫയർ അറ്റാക്കുകളെ ഉപയോഗിക്കുന്നു.
ഇറ്റാലിയൻ പോലീസും പരിസ്ഥിതി സംരക്ഷണ സേനയും മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മൃഗങ്ങളോട് കാണിക്കുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരേ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Sports
റോം: തുടർച്ചയായി മൂന്ന് ലോകകപ്പുകളിലേക്ക് യോഗ്യത നേടാനാവാതെ പോയതിന് പിന്നാലെ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ഇറ്റലി.
മുൻ ലോകകപ്പ് ജേതാവ് ആന്ദ്രെ പിർലോ ആണ് ഇറ്റലിയുടെ പുതിയ പരിശീലകൻ. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ ഓഫർ പിർലോ തത്വത്തിൽ അംഗീകരിച്ചതായും വരും ദിവസങ്ങളിൽ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ട്രാൻസ്ഫർ അനലിസ്റ്റായ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു.
2030 ലോകകപ്പ് വരെ നാല് വർഷത്തെ കരാറിലാണ് പീർലോ ഒപ്പുവക്കുക. 2026 ലോകകപ്പ് യോഗ്യത നേടുന്നതിൽ ഇറ്റലി പരാജയപ്പെട്ടതിനെ തുടർന്ന് ഏപ്രിലിൽ പദവി ഒഴിഞ്ഞ ഗെന്നാറോ ഗട്ടൂസോയ്ക്ക് പകരക്കാരനായാണ് പിർലോ എത്തുന്നത്.
2018, 2022, 2026 ലോകകപ്പുകളിൽ യോഗ്യത നേടാനാകാതെ പോയ അസൂറികൾക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയുടെ കാലഘട്ടമാണ്.
NRI
റോം: ഇറ്റലിയിലെ റോമിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്ന പിറവം സ്വദേശിനി സിനി ഏലിയാസ് (54) ചികിത്സയിലിരിക്കെ അന്തരിച്ചു.
കുറച്ച് നാളുകളായി അസുഖബാധിതയായി ഇറ്റലിയിലെ പഗാനി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിനി ഏലിയാസ്, തുടർചികിത്സയ്ക്കായി സെപ്റ്റംബർ 25ന് കേരളത്തിലേക്ക് യാത്രതിരിക്കാനിരിക്കെയായിരുന്നു മരണം.
ഭർത്താവും മക്കളും ഇറ്റലിയിൽ തന്നെയാണ് താമസിക്കുന്നത്. പരേതയുടെ സഹോദരിയായ സിസ്റ്റർ സെൽവി പഗാനിയിലെ ദേവാലയത്തിൽ ശുശ്രൂഷ നിർവഹിച്ചുവരികയാണ്.
സിനി ഏലിയാസിന്റെ നിര്യാണത്തിൽ ഇറ്റലിയിലെ മലയാളി സമൂഹവും പിറവം സ്വദേശികളും അനുശോചനം രേഖപ്പെടുത്തി.
International
ബൊളോഞ്ഞ: വടക്കൻ ഇറ്റാലിയൻ നഗരമായ ബൊളോഞ്ഞയിൽ പോലീസ് നടപടിക്കിടെ 43കാരനായ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ടു.
നഗരത്തിലെ പിലാസ്ട്രോ മേഖലയിലെ വിയാ ഇറ്റാലോ സ്വെവോയിൽ ഞായറാഴ്ചയുണ്ടായ അക്രമസംഭവത്തിൽ അബ്ദുറഹീം ഫക്കീർ എന്നയാളാണു കൊല്ലപ്പെട്ടത്.
ബന്ധുക്കളെ കാണാനെത്തിയ ഫക്കീർ അക്രമാസക്തമായി പെരുമാറുന്നുവെന്ന പരാതിയെത്തുടർന്ന് എത്തിയ പോലീസ് ഇയാൾക്കുനേരേ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും നിലത്ത് മുഖം അമർത്തിക്കിടത്തി കൈകൾ പിന്നിലേക്കു കെട്ടി ബലമായി കീഴടക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടര്ന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു.
പോലീസ് വാൻ കേടുവരുത്തിയതിനെത്തുടർന്നാണ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ സംഭവത്തിൽ അധികൃതർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശവാസികളും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
NRI
റോം: ഇറ്റലിയിലെ പ്രശസ്ത വിനോദസഞ്ചാര ബീച്ചുകളിൽ സന്ദർശകർക്കായി പുതിയ പ്രവേശന നിയന്ത്രണങ്ങൾ നിലവിൽ വന്നു. 2026 വേനൽക്കാലം മുതൽ തിരക്ക് നിയന്ത്രിക്കാനും പരിസ്ഥിതി സംരക്ഷിക്കാനുമായി നിരവധി ബീച്ചുകളിൽ ഓൺലൈൻ റിസർവേഷൻ, ക്യുആർ കോഡ് സംവിധാനം, പ്രവേശന ഫീസ് എന്നിവ നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു.
ലിഗൂറിയ, സർദിനിയ മേഖലകളിലെ പ്രധാന ബീച്ചുകളെയാണ് പുതിയ നിയന്ത്രണങ്ങൾ പ്രധാനമായും ബാധിക്കുന്നത്. ലിഗൂറിയയിലെ പ്രശസ്തമായ ബയ ഡെൽ സിലൻസിയോ ബീച്ചിൽ ഓഗസ്റ്റ് 31 വരെ ഒരേസമയം പരമാവധി 450 പേർക്കാണ് പ്രവേശനം അനുവദിക്കുക.
പ്രത്യേക പ്രവേശന കവാടങ്ങളിലൂടെയാണ് സന്ദർശകരെ പ്രവേശിപ്പിക്കുക. സർദിനിയയിലെ ലാ പെലോസ ബീച്ചിൽ ഒക്ടോബർ 15 വരെ മുൻകൂർ റിസർവേഷൻ നിർബന്ധമാണ്. പ്രതിദിനം 1,500 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. 12 വയസിന് മുകളിലുള്ളവർക്ക് 3.50 യൂറോയാണ് പ്രവേശന ഫീസ്.
സാൻ തിയോഡോറോയിലെ കാലാ ബ്രാൻഡിഞ്ചി, ലു ഇമ്പോസ്തു ബീച്ചുകളിലും സെപ്റ്റംബർ 30 വരെ ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കി. ഇവിടെ പ്രവേശിക്കുന്നവർ ഒരാൾക്ക് രണ്ട് യൂറോ പരിസ്ഥിതി നികുതിയായി നൽകണം. പ്രദേശവാസികൾക്കും 12 വയസിൽ താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഒഴിവാക്കിയിട്ടുണ്ടെങ്കിലും റിസർവേഷൻ നിർബന്ധമാണ്.
തുറെഡ്ഡ ബീച്ചിൽ ഒക്ടോബർ 15 വരെ ക്യുആർ കോഡ് അടിസ്ഥാനത്തിലുള്ള ബുക്കിംഗ് സംവിധാനം നടപ്പിലാക്കി. പ്രതിദിനം 1,100 പേർക്ക് മാത്രമാണ് പ്രവേശനം. 12 വയസ്സിന് മുകളിലുള്ളവർക്ക് മൂന്ന് യൂറോയാണ് ഫീസ്.
ഏറ്റവും കർശനമായ നിയന്ത്രണങ്ങൾ കാലാ ഗൊലോറിറ്റ്സെ ബീച്ചിലാണ്. ഒരേസമയം 250 പേർക്കാണ് പ്രവേശനം അനുവദിക്കുക. ഒരാൾക്ക് ഏഴ് യൂറോയാണ് പ്രവേശന ഫീസ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കും പ്രദേശവാസികൾക്കും സൗജന്യ പ്രവേശനമുണ്ടെങ്കിലും മുൻകൂർ റിസർവേഷൻ നിർബന്ധമാണ്.
ബോട്ടുകൾ ബീച്ചിനോട് ചേർന്ന് നങ്കൂരമിടുന്നതിനും ഇവിടെ വിലക്കുണ്ട്. കാപ്രെര ദ്വീപിലെ കാലാ കൊട്ടീഷ്യോ ബീച്ചിൽ അംഗീകൃത ഗൈഡിനൊപ്പമുള്ള ഗ്രൂപ്പ് ടൂറിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഇതിനായി മൂന്ന് യൂറോ പരിസ്ഥിതി ഫീസും ഈടാക്കും.
ഇറ്റലിയിലെ ബീച്ചുകളിൽ വേനൽക്കാല അവധി ആഘോഷിക്കാൻ പദ്ധതിയിടുന്ന വിനോദസഞ്ചാരികളും പ്രവാസികളും യാത്രയ്ക്ക് മുമ്പ് ബന്ധപ്പെട്ട ബീച്ചുകളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മുൻകൂർ റിസർവേഷൻ ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
NRI
ബെർലിൻ: ജർമനിക്കു പിന്നാലെ യൂറോപ്പിലുടനീളം സർവകാല റിക്കാർഡുകൾ ഭേദിച്ച് കനത്ത ഉഷ്ണതരംഗം പടരുന്നു. ഫ്രാൻസ്, ബ്രിട്ടൻ, ഇറ്റലി തുടങ്ങിയ പ്രമുഖ രാജ്യങ്ങളെല്ലാം കടുത്ത ജാഗ്രതാ നിർദേശമായ "റെഡ് അലർട്ട്' പ്രഖ്യാപിച്ചിരിക്കുകയാണ്.
ചൂട് താങ്ങാനാവാതെ ജനങ്ങൾ കൂട്ടത്തോടെ ജലാശയങ്ങളിലേക്ക് ഇറങ്ങിയതിനെ തുടർന്ന് ജർമനിയിലും ഫ്രാൻസിലുമായി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ മുങ്ങിമരിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇറ്റലിയിലെ ഒരു ഡസനിലധികം നഗരങ്ങളും നിലവിൽ തീവ്ര ഉഷ്ണതരംഗത്തിന്റെ നിഴലിലാണ്.
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രധാന സംഭവങ്ങൾ:
1. ഫ്രാൻസ്: ഐഫൽ ടവർ നേരത്തെ അടച്ചു; താപനില 39 ഡിഗ്രിയിലേക്ക്
ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ കഴിഞ്ഞ ദിവസം താപനില 39 ഡിഗ്രി സെൽഷ്യസിനടുത്ത് (102°F) രേഖപ്പെടുത്തി. കടുത്ത ചൂടിനെ തുടർന്ന് പാരീസിലെ വിഖ്യാത സ്മാരകമായ ഈഫൽ ടവർ സാധാരണ സമയമായ അർധരാത്രിക്ക് പകരം വൈകുന്നേരം നാലിന് തന്നെ അടിയന്തിരമായി അടച്ചുപൂട്ടി.
കനത്ത ചൂടിൽ സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. നാലിന് ശേഷമുള്ള ടിക്കറ്റുകൾ എടുത്തവർക്ക് തുക പൂർണമായി തിരിച്ച് നൽകും.
ജർമനിയിൽ കാട്ടുതീ മുന്നറിയിപ്പ്; താപനില ഉയരുന്നതോടെ കിഴക്കൻ - തെക്കൻ പ്രവിശ്യകൾ കടുത്ത അപകടഭീഷണിയിൽ
ജർമനിയിൽ തുടരുന്ന കടുത്ത വേനൽച്ചൂടും വരണ്ട കാലാവസ്ഥയും കാരണം രാജ്യത്തെ വനമേഖലകളിൽ കാട്ടുതീ പടരാനുള്ള സാധ്യത വൻതോതിൽ വർദ്ധിക്കുന്നതായി ജർമൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് ജർമനിയുടെ തെക്ക്, കിഴക്കൻ മേഖലകളിലാണ് ഭീഷണി ശക്തം.
അപകട നില നാലിൽ: നിലവിൽ ബ്രാൻഡൻബർഗ്, ബവേറിയ, ബാഡൻ-വ്യൂർട്ടൻബർഗ് എന്നീ സംസ്ഥാനങ്ങളിലെ ചില പ്രവിശ്യകളിൽ കാട്ടുതീ സാധ്യത അഞ്ചിൽ നാലാം ഘട്ടത്തിലാണ്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ കടുത്ത ജാഗ്രത: വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടുന്നതോടെ സ്ഥിതി കൂടുതൽ വഷളാകും. ബുധനാഴ്ച മുതൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഈ ഭീഷണി വ്യാപിക്കും.
വ്യാഴം, വെള്ളി ദിവസങ്ങളിൽ ബെർലിന്റെ പടിഞ്ഞാറൻ മേഖലകൾ ഉൾപ്പെടെയുള്ള പല സ്ഥലങ്ങളിലും ഏറ്റവും ഉയർന്ന അപകട നിലയായ "ലെവൽ അഞ്ച്' രേഖപ്പെടുത്തിയേക്കാമെന്നാണ് പ്രവചനം.
കാരണങ്ങൾ: ഉയർന്ന താപനില, അന്തരീക്ഷത്തിലെ കുറഞ്ഞ ഈർപ്പം, കാറ്റ് എന്നിവ തീ അതിവേഗം പടരാൻ കാരണമാകുന്നു. വനങ്ങളിൽ ഉണ്ടാകുന്ന വലിയൊരു ശതമാനം തീപിടുത്തങ്ങൾക്കും പിന്നിൽ സാമ്പത്തിക അല്ലെങ്കിൽ വ്യക്തിപരമായ ലാഭങ്ങൾ മുൻനിർത്തിയുള്ള അട്ടിമറികളും കാരണമാകാറുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
വനമേഖലകളിൽ യാത്ര ചെയ്യുന്നവരും കാടിനോട് ചേർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും സിഗരറ്റ് കുറ്റികൾ വലിചെറിയാതിരിക്കാനും തീപിടുത്തമുണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്.
ഇറ്റലിയിലും കനത്ത ഉഷ്ണതരംഗം; റോമും മിലാനും ഉൾപ്പെടെ 15 നഗരങ്ങളിൽ "റെഡ് അലർട്ട്'; ലഘുഭക്ഷണമായി പാസ്തയും മീനും കഴിക്കാൻ നിർദേശം
യൂറോപ്പിനെ വറചട്ടിയിലാക്കുന്ന ഉഷ്ണതരംഗത്തിന്റെ ഭീഷണിയിൽ ഇറ്റലിയും. രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ ചൂട് അസഹനീയമായതിനെ തുടർന്ന് ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച 15 പ്രധാന നഗരങ്ങളിൽ ഏറ്റവും ഉയർന്ന "ലെവൽ ത്രീ റെഡ് അലർട്ട്' പ്രഖ്യാപിച്ചു.
തലസ്ഥാനമായ റോം, മിലാൻ, ടൂറിൻ, വെനീസ് തുടങ്ങിയ പ്രമുഖ നഗരങ്ങളെല്ലാം ഈ റെഡ് അലർട്ട് പട്ടികയിലുണ്ട്. വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടുമെന്നതിനാൽ ബുധനാഴ്ചയോടെ റെഡ് അലർട്ട് പ്രഖ്യാപിച്ച നഗരങ്ങളുടെ എണ്ണം 16 ആയി ഉയരും.
ആരോഗ്യ മന്ത്രാലയത്തിന്റെ പ്രധാന നിർദേശങ്ങൾ:
കടുത്ത ചൂടിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയം ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്:
എസി സംവിധാനങ്ങൾ ഉപയോഗിക്കുക: എയർകണ്ടീഷണറുകളുള്ള പൊതുസ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുക.
പുറത്തിറങ്ങുന്നത് ഒഴിവാക്കുക: ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നതും കഠിനമായ ശാരീരിക അധ്വാനങ്ങളിൽ ഏർപ്പെടുന്നതും പൂർണമായി ഒഴിവാക്കുക. ഉയർന്ന എസ്പിഎഫുള്ള സൺസ്ക്രീൻ ക്രീമുകൾ ഉപയോഗിക്കുക.
ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ (പാസ്ത കഴിക്കാൻ നിർദേശം):
ചൂടുകാലത്ത് ദഹിക്കാൻ പ്രയാസമുള്ള കനത്ത മാംസാഹാരങ്ങൾ ഒഴിവാക്കി വളരെ ലഘുവായ ഭക്ഷണങ്ങൾ കഴിക്കാൻ മന്ത്രാലയം പ്രത്യേകം നിർദ്ദേശിക്കുന്നു. ഇറ്റാലിയൻ വിഭവമായ പാസ്ത, മത്സ്യം എന്നിവ കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
യൂറോപ്പിൽ ഉടനീളം ചൂട് കനക്കുന്ന സാഹചര്യത്തിൽ ഇറ്റലി സന്ദർശിക്കാൻ പ്ലാൻ ചെയ്യുന്ന പ്രവാസി മലയാളികളും ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്.
ഫ്രാൻസിൽ സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കനത്ത ചൂട്; 54 പ്രവിശ്യകളിൽ 'റെഡ് അലർട്ട്'; അടിയന്തിര പ്രതിസന്ധി യോഗം വിളിച്ച് പ്രധാനമന്ത്രി
യൂറോപ്പിൽ പടരുന്ന ഉഷ്ണതരംഗം ഫ്രാൻസിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ചൂട് അസഹനീയമായതിനെ തുടർന്ന് ഫ്രാൻസിലെ ഭൂരിഭാഗം പ്രദേശങ്ങളെയും ഉൾപ്പെടുത്തി രാജ്യത്തെ 54 വകുപ്പുകളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം "റെഡ് അലർട്ട്' പ്രഖ്യാപിച്ചു.
വരും ദിവസങ്ങളിൽ രാജ്യത്തെ പല നഗരങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിനും (104°F) മുകളിലേക്ക് ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.
സർവ്വകാല റെക്കോർഡുകൾ തകർന്നേക്കും: നിലവിൽ ഫ്രാൻസിലുടനീളം കടുത്തതും മനുഷ്യനെ പൂർണ്ണമായി തളർത്തുന്നതുമായ ചൂടാണ് അനുഭവപ്പെടുന്നത്.
വരും ദിവസങ്ങളിൽ മുൻപുള്ള എല്ലാ റിക്കാർഡുകളും തകർക്കുന്ന തരത്തിലുള്ള താപനില രാജ്യത്തുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
2003-ലെ ഭീതിയിൽ ഫ്രാൻസ്: വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ ഇത്തരമൊരു കടുത്ത ചൂട് ഫ്രാൻസിൽ വരുന്നത് ഇതാദ്യമായാണ്. ഇത് മുൻപ് 15,000-ത്തോളം ആളുകളുടെ മരണത്തിന് കാരണമായ 2003 ഓഗസ്റ്റിലെ കനത്ത ഉഷ്ണതരംഗത്തെ ഓർമിപ്പിക്കുന്നതാണ്.
കെയർ ഹോമുകളിലും ഫ്ലാറ്റുകളിലും ആവശ്യത്തിന് എസി സംവിധാനമില്ലാത്തതിനാൽ അന്ന് പ്രായമായവരാണ് കൂടുതലായി മരണപ്പെട്ടത്.
അടിയന്തിര കാബിനറ്റ് യോഗം: സ്ഥിതിഗതികൾ അതീവ ഗുരുതരമായ സാഹചര്യത്തിൽ ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു ചൊവ്വാഴ്ച രാവിലെ വകുപ്പ് മന്ത്രിമാരുടെ അടിയന്തിര പ്രതിസന്ധി യോഗം വിളിച്ചുചേർത്തു.
പ്രായമായവർക്കും കുട്ടികൾക്കും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും തദ്ദേശീയമായി സഹായങ്ങൾ എത്തിക്കാനും നിർദേശമുണ്ട്.
പാരീസിലെ കനാലുകളിലും ജലാശയങ്ങളിലും ചൂടിൽ നിന്നും താത്കാലിക ആശ്വാസം തേടി ജനങ്ങൾ കൂട്ടത്തോടെ തടിച്ചുകൂടുകയാണ്.
സ്പെയിനിൽ കനത്ത ഉഷ്ണതരംഗം
യൂറോപ്പിനെ ചുട്ടുപൊള്ളിക്കുന്ന ഉഷ്ണതരംഗം സ്പെയിനിലും അതീവ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നു. സ്പെയിനിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കടുത്ത ചൂടിന്റെ പിടിയിലായതോടെ ദേശീയ കാലാവസ്ഥാ ഏജൻസിയായ AEMET പ്രമുഖ നഗരങ്ങളിൽ ഏറ്റവും ഉയർന്ന "റെഡ് അലർട്ട്' പ്രഖ്യാപിച്ചു.
തെക്കൻ നഗരമായ കോർഡോബ, വടക്കൻ നഗരമായ ബിൽബാവോ തുടങ്ങിയ ഇടങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അസാധാരണമായ ചൂട്: സാധാരണയായി കടുത്ത ചൂട് അനുഭവപ്പെടാത്ത സ്പെയിനിന്റെ വടക്കൻ പ്രവിശ്യകളായ ബാസ്ക് കൺട്രി, കാന്റാബ്രിയ എന്നിവിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം.
താപനില റിക്കാർഡിലേക്ക്: ഈ വർഷം ഈ കാലയളവിൽ അനുഭവപ്പെടാറുള്ള സാധാരണ താപനിലയേക്കാൾ അഞ്ച് മുതൽ 10 ഡിഗ്രി വരെ കൂടുതലാണിപ്പോൾ. ചില വടക്കൻ മേഖലകളിൽ ഇത് സാധാരണയേക്കാൾ 10 ഡിഗ്രിയിലധികം ഉയർന്നു കഴിഞ്ഞു.
വ്യാഴാഴ്ച വരെ തുടരും: കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ഈ ഉഷ്ണതരംഗം കുറഞ്ഞത് വരുന്ന വ്യാഴാഴ്ച വരെയെങ്കിലും കടുത്തതായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
കടലോര പ്രദേശങ്ങളെ അപേക്ഷിച്ച് ഉൾനാടൻ നഗരങ്ങളിലാണ് ചൂട് ഏറ്റവും അസഹനീയമായിരിക്കുന്നത്.
ജനങ്ങൾ ജാഗ്രത പാലിക്കുക:
യൂറോപ്പിലാകെ ചൂട് കനക്കുന്ന സാഹചര്യത്തിൽ ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ മലയാളി പ്രവാസികൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
അനാവശ്യമായ വെയിൽ കൊള്ളുന്നത് ഒഴിവാക്കുക, കുട്ടികളെയും പ്രായമായവരെയും പ്രത്യേകം ശ്രദ്ധിക്കുക, നദികളിലും കനാലുകളിലും സുരക്ഷാ നിർദേശങ്ങൾ പാലിക്കാതെ ഇറങ്ങാതിരിക്കുക എന്നിവ പ്രധാനമാണ്.
ബ്രിട്ടൻ: സ്കൂളുകൾ അടച്ചു; ചരിത്രത്തിലെ ആദ്യ "ജൂൺ റെഡ് അലർട്ട്'
യുകെയിലെ വെയിൽസ്, ഇംഗ്ലണ്ട് പ്രവിശ്യകളിൽ കനത്ത ചൂട് കാരണം ഡസൻ കണക്കിന് സ്കൂളുകൾ ചൊവ്വാഴ്ച നേരത്തെ അടച്ചു. ചില സ്കൂളുകൾ വരും ദിവസങ്ങളിലും പൂർണമായി അടച്ചിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധൻ, വ്യാഴം ദിവസങ്ങളിൽ രാജ്യത്ത് കടുത്ത ചൂട് പ്രവചിച്ചുകൊണ്ട് ബ്രിട്ടീഷ് കാലാവസ്ഥാ കേന്ദ്രം അപൂർവമായ "റെഡ് അലർട്ട്' പ്രഖ്യാപിച്ചിരിക്കുകയാണ്.
പഴയ കെട്ടിടങ്ങളിൽ മതിയായ എസി സംവിധാനങ്ങളോ തണലോ ഇല്ലാത്തതിനാൽ കുട്ടികൾക്ക് പഠിക്കാനും അധ്യാപകർക്ക് ക്ലാസെടുക്കാനും സാധിക്കാത്ത അവസ്ഥയാണ്.
ജൂൺ മാസത്തിൽ യുകെയിൽ ഇത്തരമൊരു കടുത്ത ചൂട് ചരിത്രത്തിലാദ്യമാണെന്നും ആഗോള കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
NRI
റോം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്റർ ഇറ്റലിയിൽ പ്രവർത്തനമാരംഭിച്ചു. മുൻപ് ഒഐസിസി ആയിരുന്ന സംഘടന കോൺഗ്രസ് നേതൃത്വം ഐഒസിയായി മാറ്റുകയായിരുന്നു.
റോമിൽ നടന്ന യോഗത്തിൽ അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു. മുഖ്യ രക്ഷാധികാരി: തോമസ് ഇരിമ്പൻ, പ്രസിഡന്റ്: ഷൈൻ റോബർട്ട് ലോപ്പസ്, വൈസ് പ്രസിഡന്റ്: ബി. അനില, സെക്രട്ടറി: ജോസഫ് വലിയപറമ്പിൽ, ജോയിന്റ് സെക്രട്ടറി: മേഴ്സി തോമസ്, ട്രഷറർ: ജിന്റോ കുര്യാക്കോസ് എന്നിവരെയും തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ജോയി മേലേപ്പറമ്പിൽ, സാജു തെക്കൻ, ജോണി പറേകാട്ടിൽ, ജോസ് നെയ്ശേരി, ജോസ് പുതുശേരി, രാജീവ് വെങ്ങാട്ട്, ഷിജു ഫ്രാൻസിസ്, ജിൻസൺ പാലാട്ടി, ജോഷി ചെറിയാൻ എന്നിവരെയും തെരെഞ്ഞെടുത്തു.
International
റോം: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള വാക്പോര് കൂടുതൽ രൂക്ഷമാകുന്നു.
ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ മെലോണി തന്നോടൊപ്പം ഫോട്ടോയെടുക്കാൻ യാചിച്ചുവെന്നും മെലോണിയുടെ ജനപ്രീതി ഇടിയുകയുമാണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് മെലോണി നൽകിയ ഏറ്റവും പുതിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.
ട്രംപിന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിന് ഇന്നലെ ഇൻസ്റ്റഗ്രാമിലൂടെയാണു മെലോണി മറുപടി നൽകിയത്.
അമേരിക്കൻ നയങ്ങളോടുള്ള നിലപാട് കാരണം മെലോണിയുടെ ജനപ്രീതി ഇടിയുകയാണെന്ന ട്രംപിന്റെ ആരോപണത്തെ ‘’എന്റെ ജനപ്രീതി ഇറ്റലിയെ സംരക്ഷിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു’’ എന്നുപറഞ്ഞാണ് മെലോണി നിരാകരിച്ചത്. “എന്റെ ജനപ്രീതിയെ സംബന്ധിച്ചിടത്തോളം നിങ്ങളുമായി സൗഹൃദത്തിലായത് അതിന് ഒട്ടും സഹായിച്ചിട്ടില്ല.
അത് നിങ്ങളുമായുള്ള എന്റെ ബന്ധത്തെ ആശ്രയിച്ചുമല്ല ഇരിക്കുന്നത്. എന്റെ ജനപ്രീതി നിങ്ങളുടെ വിഷയമല്ല. നിങ്ങൾ നിങ്ങളുടെ സ്വന്തം ജനപ്രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ നിർദേശിക്കുന്നു,” -മെലോണി പറഞ്ഞു.
പാശ്ചാത്യരാജ്യങ്ങളുടെ ഐക്യത്തിൽ താൻ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും സഖ്യകക്ഷികൾ തമ്മിലുള്ള വ്യക്തിപരമായ ആക്രമണങ്ങൾ അനാവശ്യമാണെന്നും അതു ഗുണകരമല്ലെന്നും മെലോണി കൂട്ടിച്ചേർത്തു.
Sports
ഹെരാക്ലിയോൺ: ഗ്രീസിനെതിരായ സൗഹൃദ മത്സരത്തിൽ ഇറ്റലിക്ക് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഗ്രീസ് വിജയിച്ചത്.
പിയോ എസ്പോസിറ്റോയാണ് ഇറ്റലിക്ക് വേണ്ടി ഗോൾ നേടിയത്. 18-ാം മിനിറ്റിലാണ് എസ്പോസിറ്റോ ഗോൾ കണ്ടെത്തിയത്.
NRI
പിറവം: ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ മാസങ്ങളോളം ചികിത്സയിലിരുന്നശേഷം മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പിറവം വെള്ളാപ്പിള്ളിൽ അലക്സിന്റെ മകൻ അമലാണു(39) മരിച്ചത്.
റോമിലെ ഒരു വീട്ടിൽ കെയർടെക്കറായി ജോലി ചെയ്തു വന്നിരുന്ന അമലിനെ നാലു മാസം മുമ്പാണ് അവിടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തലച്ചോറിനെ ബാധിച്ച അസുഖം മൂലം കോമ സ്റ്റേജിലായ യുവാവ് വെന്റിലേറ്ററിലാണ് കഴിഞ്ഞിരുന്നത്. തുടർന്ന് കഴിഞ്ഞ മാസം 18 നാണു മരിച്ചത്.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ. അമ്മ: റെജി. സഹോദരി: ചിന്നു ജോമിസ്.
International
റോം: നിർമാണപ്രവർത്തനം മൂലമോ മറ്റേതെങ്കിലും വിധത്തിലോ ഗതാഗതതടസമുണ്ടായാൽ ഇറ്റലിയിലെ ദേശീയപാതകളിൽ ഇനി ടോൾ നൽകേണ്ടതില്ല. രാജ്യത്തെ ട്രാൻസ്പോർട്ടേഷൻ റെഗുലേറ്ററി അഥോറിറ്റിയുടെ തീരുമാനം ഇന്നലെ പ്രാബല്യത്തിൽ വന്നു.
ടോൾ അടച്ചശേഷം ഗതാഗതതടസം നേരിടുകയാണെങ്കിൽ ഡ്രൈവർമാർക്ക് റീഫണ്ടിനായി ബന്ധപ്പെട്ട ഹൈവേ അഡ്മിനിസ്ട്രേറ്റർമാരെ സമീപിക്കാം.
റൂട്ടിന്റെ ദൈർഘ്യവും ഗതാഗതക്കുരുക്കിന്റെ ദൈർഘ്യവുമനുസരിച്ച് റീഇംബേഴ്സ്മെന്റുകൾ വ്യത്യസ്തമായിരിക്കും.
NRI
റോം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഇറ്റലി സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര - വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാകുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം "പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്' ഉയർത്താൻ റോമിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകളിൽ തീരുമാനമാകുമെന്ന് ഇറ്റാലിയൻ സർക്കാർ വക്താവ് വ്യക്തമാക്കി.
ആദ്യ ഉഭയകക്ഷി സന്ദർശനം: മുൻപ് ജി7, ജി20 ഉച്ചകോടികളിൽ പങ്കെടുക്കാൻ ഇറ്റലിയിൽ എത്തിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി മോദിയുടെ ആദ്യ ഔദ്യോഗിക ഇറ്റലി സന്ദർശനമാണിത്.
ബുധനാഴ്ച റോമിലെ ചരിത്രപ്രസിദ്ധമായ വില്ല ഡോറിയ പാംഫിലിയിൽ വച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഐഎംഇസി പദ്ധതിക്ക് മുൻഗണന: ഇന്ത്യയെയും ഗൾഫ് രാജ്യങ്ങളെയും യൂറോപ്പുമായി ബന്ധിപ്പിക്കുന്ന "ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ' (ഐഎംഇസി) വികസനത്തിന് ഈ സന്ദർശനത്തിൽ പ്രത്യേക ഊന്നൽ നൽകുമെന്ന് റോമിൽ വിമാനമിറങ്ങിയ ശേഷം പ്രധാനമന്ത്രി മോദി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
National
ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് പ്രധാനമന്ത്രി മോദി 'മെലഡി' മിഠായി സമ്മാനിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
ഇത് യഥാർത്ഥ നേതൃത്വമല്ലെന്നും കേവലം നാടകങ്ങൾ മാത്രമാണെന്നും രാഹുൽ ഗാന്ധി തന്റെ എക്സ് ഹാൻഡിലിലൂടെ കുറ്റപ്പെടുത്തി. "രാജ്യത്തിന് മേൽ കനത്ത സാമ്പത്തിക കൊടുങ്കാറ്റ് വീശിയടിക്കുമ്പോഴാണ് നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയിൽ പോയി ചോക്ലേറ്റ് വിതരണം ചെയ്യുന്നത്. കർഷകരും യുവാക്കളും സ്ത്രീകളും തൊഴിലാളികളും ചെറുകിട വ്യാപാരികളും കടുത്ത ദുരിതത്തിലാണ്. എന്നാൽ പ്രധാനമന്ത്രി റീലുകൾ നിർമിക്കുന്ന തിരക്കിലും ബിജെപി നേതാക്കൾ അതിന് കൈയ്യടിക്കുന്ന തിരക്കിലുമാണ്. ഇതൊരു നായകന്റെ ലക്ഷണമല്ല, വെറും നാടകമാണ്," രാഹുൽ ഗാന്ധി കുറിച്ചു.
പ്രധാനമന്ത്രി മോദിയുടെ ഇറ്റലി സന്ദർശനത്തിനിടെ ജോർജിയ മെലോനി തന്നെയാണ് തങ്ങളുടെ എക്സ് പേജിൽ 12 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ പങ്കുവെച്ചത്. ഇന്ത്യയിൽ നിന്നുള്ള മികച്ചൊരു സമ്മാനമാണിതെന്ന് പറഞ്ഞ് മെലോനി ഒരു പാക്കറ്റ് 'മെലഡി' മിഠായി ക്യാമറയ്ക്ക് മുന്നിൽ കാണിക്കുകയും, പ്രധാനമന്ത്രി മോദി അത് ചൂണ്ടിക്കാണിച്ച് ചിരിക്കുകയും ചെയ്യുന്നതായിരുന്നു വീഡിയോ. സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയായി മാറിയതിന് പിന്നാലെയാണ് പ്രതിപക്ഷം ഇതിനെതിരെ രാഷ്ട്രീയ ആയുധവുമായി രംഗത്തിറങ്ങിയത്.
Leader Page
ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ഇപ്പോൾ നിർണായകഘട്ടത്തിൽ എത്തിയിരിക്കുകയാണ്. സവിശേഷമായ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് അതു വികസിച്ചിരിക്കുന്നു. നവീകരണങ്ങൾ നടത്താനും ഊർജപരിവർത്തനം നിയന്ത്രിക്കാനും തന്ത്രപരമായ പരമാധികാരത്തിനു കരുത്തേകാനുമുള്ള രാജ്യങ്ങളുടെ ശേഷിയെ ആശ്രയിച്ചായിരിക്കും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സമൃദ്ധിയും സുരക്ഷയും നിർണയിക്കപ്പെടുന്നതെന്ന നമ്മുടെ പൊതുവായ അവബോധത്തെയാണ് ഈ സഹകരണം പ്രതിഫലിപ്പിക്കുന്നത്.
ഇതിനായി, ആഴമുള്ള ഉഭയകക്ഷിബന്ധത്തിനും വൈവിധ്യവത്കരണത്തിനും നാം പ്രതിജ്ഞാബദ്ധരാണ്. ഇറ്റാലിയൻ രൂപകൽപ്പന, നിർമാണമികവ്, ലോകോത്തര സൂപ്പർ കംപ്യൂട്ടറുകൾ എന്നിവയും ഇന്ത്യയുടെ അതിവേഗ സാമ്പത്തിക വളർച്ച, എൻജിനിയറിംഗ് പ്രതിഭകൾ, വ്യാപ്തി, നൂറിലധികം യൂണികോണുകളും രണ്ടുലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളും അടങ്ങുന്ന നവീകരണ-സംരംഭക ആവാസവ്യവസ്ഥ എന്നിവയും തമ്മിൽ കരുത്തുറ്റ പങ്കാളിത്തത്തിനു രൂപം നൽകാനാണു നാം ലക്ഷ്യമിടുന്നത്.
യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഇരുദിശകളിലുമുള്ള വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിനു വഴിയൊരുക്കുന്നു. പ്രതിരോധം-എയ്റോസ്പേസ്, ഹരിത സാങ്കേതികവിദ്യകൾ, യന്ത്രസാമഗ്രികൾ, വാഹനനിർമാണ ഘടകങ്ങൾ, രാസവസ്തുക്കൾ, ഔഷധനിർമാണം, വസ്ത്രവ്യാപാരം, അഗ്രി-ഫുഡ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 2029ഓടെ 200കോടി യൂറോ എന്ന ലക്ഷ്യത്തിൽ എത്തിക്കാനും അതു മറികടക്കാനും നാം ആഗ്രഹിക്കുന്നു.‘മെയ്ഡ് ഇൻ ഇറ്റലി’ എന്നതു ലോകമെമ്പാടും മികവിന്റെ പര്യായമാണ്. ഇന്നതു ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഉന്നത ഗുണനിലവാര ലക്ഷ്യങ്ങളുമായി സ്വാഭാവികമായി യോജിക്കുന്നു.
ഈ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ ഉത്പാദനത്തിൽ ഇറ്റാലിയൻ വ്യവസായങ്ങൾക്കുള്ള വർധിച്ചുവരുന്ന താത്പര്യവും ഇറ്റലിയിലെ ഇന്ത്യൻ വ്യവസായങ്ങളുടെ വളർന്നുവരുന്ന സാന്നിധ്യവും ആശാവഹമായ സൂചനയാണ്. ഇത് ഇരുപക്ഷത്തുമായി ആയിരത്തിലധികം വരും.
സാങ്കേതിക നവീകരണമാണു നമ്മുടെ പങ്കാളിത്തത്തിന്റെ കാതൽ. നിർമിതബുദ്ധി, ക്വാണ്ടം കംപ്യൂട്ടിംഗ്, അത്യാധുനിക ഉത്പാദനം, നിർണായക ധാതുക്കൾ, ഡിജിറ്റൽ അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളിലെ പുരോഗതി വരാനിരിക്കുന്ന പതിറ്റാണ്ടുകൾ സാങ്കേതിക വിപ്ലവത്തിന്റേതാക്കും. നമ്മുടെ സർവകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും തമ്മിലുള്ള വളർന്നുവരുന്ന പങ്കാളിത്തം ഇതിനു പിന്തുണയേകും. ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾക്ക് ഇതിനകം ലോകരാജ്യങ്ങൾക്കിടയിൽ, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിൽ, വലിയ സ്വീകാര്യതയുണ്ട്. നിർമിതബുദ്ധി നമ്മുടെ സമൂഹങ്ങളിലും ആഗോള സമ്പദ്വ്യവസ്ഥയിലും സ്വാധീനം ചെലുത്തുന്നു.
നിർമിതബുദ്ധിയുടെ വികസനം ഉത്തരവാദിത്വമുള്ളതും മനുഷ്യകേന്ദ്രീകൃതവുമാണെന്ന് ഉറപ്പാക്കാൻ ഇന്ത്യയും ഇറ്റലിയും ദീർഘകാലമായി ഒരുമിച്ചു പ്രവർത്തിക്കുന്നു. ഈ കാഴ്ചപ്പാടിൽ, ഇന്ത്യയും ഇറ്റലിയും നിർമിതബുദ്ധിയെ സമഗ്രവികസനത്തിനുള്ള കരുത്തുറ്റ സങ്കേതമായി കാണുന്നു; വിശേഷിച്ച് ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് ഇത് ഏറെ ഉപകാരപ്പെടും.
ഡിജിറ്റൽ പൊതുമേഖലാ അടിസ്ഥാനസൗകര്യങ്ങളും പല ഭാഷകളിലും ലഭ്യമായ സാങ്കേതികവിദ്യകളും ജനങ്ങൾക്കിടയിലെ വ്യത്യാസങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും ഇരുരാജ്യങ്ങളും കരുതുന്നു. സാങ്കേതികവിദ്യയുടെ കേന്ദ്രസ്ഥാനത്തു മനുഷ്യനെ പ്രതിഷ്ഠിക്കുന്ന (MANAV) ഇന്ത്യയുടെ കാഴ്ചപ്പാടിലും, മനുഷ്യത്വപരമായ പാരമ്പര്യത്തിൽ ഊന്നിയുള്ള മനുഷ്യകേന്ദ്രീകൃത ‘അൽഗോർ-എത്തിക്സ്’ (algor-ethics) പ്രോത്സാഹിപ്പിക്കുന്നതിലെ ഇറ്റലിയുടെ നേതൃത്വത്തിലും അധിഷ്ഠിതമായി, നിർമിതബുദ്ധി സാമൂഹികശാക്തീകരണത്തിനുള്ള പ്രേരക ഘടകമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ പങ്കാളിത്തം ലക്ഷ്യമിടുന്നു. ഈ സമീപനം ഇന്ത്യയുടെ ഡിജിറ്റൽ വ്യാപ്തിയെ ഇറ്റലിയുടെ ധാർമിക-വ്യാവസായിക വൈദഗ്ധ്യവുമായി സമന്വയിപ്പിക്കുകയും സാങ്കേതികവിദ്യ മനുഷ്യന്റെ അന്തസ് ഉയർത്തിപ്പിടിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
സുരക്ഷിതമായ ഡിജിറ്റൽ സഹകരണം, ശേഷി വർധിപ്പിക്കൽ, പ്രതിരോധശേഷിയുള്ള സൈബർ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിലെ മികച്ച അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ, എല്ലാ രാജ്യങ്ങൾക്കും നിർമിതബുദ്ധി രൂപപ്പെടുത്താനും അതിന്റെ പ്രയോജനം നേടാനും കഴിയുന്ന, തുറന്നതും വിശ്വസനീയവും നീതിയുക്തവുമായ ഡിജിറ്റൽ ഇടം സൃഷ്ടിക്കാൻ നാം ലക്ഷ്യമിടുന്നു. ഈ കാഴ്ചപ്പാടാണ് ഇറ്റലിയുടെ ജി7 അധ്യക്ഷപദവിയുടെയും ന്യൂഡൽഹിയിൽ നടന്ന ‘എഐ ഇംപാക്ട് സമ്മിറ്റ് 2026’-ന്റെ ഫലങ്ങളുടെയും കാതൽ.
നിർമിതബുദ്ധിയെ മനുഷ്യൻ മനുഷ്യനുവേണ്ടി സജ്ജമാക്കിയ സങ്കേതമായി കാണുക എന്നതിനർഥം, സാങ്കേതികവിദ്യക്ക് ഒരിക്കലും വ്യക്തികൾക്കു പകരമാകാനോ അവരുടെ മൗലികാവകാശങ്ങളെ ഹനിക്കാനോ കഴിയില്ലെന്നും, പൊതുചർച്ചകളെ സ്വാധീനിക്കാനോ ജനാധിപത്യപ്രക്രിയകളെ അട്ടിമറിക്കാനോ അത് ഉപയോഗിക്കാൻ കഴിയില്ലെന്നും ശക്തമായി ഉറപ്പിച്ചു പറയുക എന്നതാണ്. നമ്മുടെ സഹകരണം ബഹിരാകാശമേഖലയെയും ഉൾക്കൊള്ളുന്നു. ബഹിരാകാശ പര്യവേക്ഷണത്തിലും ഉപഗ്രഹ സാങ്കേതികവിദ്യയിലും ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ മുന്നേറ്റങ്ങളും ഇറ്റലിയുടെ മികച്ച എയ്റോസ്പേസ് എൻജിനിയറിംഗ് വൈദഗ്ധ്യവും സംയുക്ത സംരംഭങ്ങൾക്കും അടുത്ത തലമുറ സാങ്കേതിക വികസനത്തിനും വലിയ അവസരങ്ങൾ നൽകുന്നു.
പ്രതിരോധം, സുരക്ഷ, തന്ത്രപ്രധാന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇറ്റലിയും ഇന്ത്യയും ആഗ്രഹിക്കുന്നു. നമ്മുടെ ഈ സഹകരണം നിർണായകമായ സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭീകരവാദം, അന്താരാഷ്ട്ര ക്രിമിനൽശൃംഖലകൾ, ലഹരിമരുന്നുകടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത് തുടങ്ങിയ ഭീഷണികളെ നേരിടുന്നതിനുള്ള കരുത്ത് വർധിപ്പിക്കുന്നതിനും സഹായിക്കും.
International
റോം: ഇറ്റലിയിലെ ഗുരുദ്വാരയുലുണ്ടായ വെടിവയ്പ്പിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ബെർഗോമോ പ്രവിശ്യയിൽ വെള്ളിയാഴ്ച നടന്ന സംഭവത്തിൽ രജീന്ദർ സിംഗ് (48), ഗുർമീത് സിംഗ് (48) എന്നിവരാണ് മരിച്ചത്. വെടിയുതിർത്തതും ഇന്ത്യക്കാരനാണെന്നാണ് സൂചന.
വൈശാഖി ഉത്സവത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾ നടക്കാനിരുന്ന ഗുരുദ്വാരയാണിത്. മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഇറ്റാലിയൻ പോലീസ് വ്യക്തമാക്കി. ഒന്നിലേറെത്തവണ നിറയൊഴിച്ച ശേഷം അക്രമി വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് പത്തോളം ഷെൽ കേസിങ്ങുകൾ കണ്ടെത്തി. അക്രമിയും ഈ ഗുരുദ്വാരയിലെ സന്ദർശകനാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Sports
മിലാന്: ഇറ്റാലിയന് സീരി എ ഫുട്ബോളില് ഇന്റര് മിലാന്റെ ആധിപത്യം. ഹോം മത്സരത്തില് ഇന്റര് മിലാന് 5-2ന് എഎസ് റോമയെ കീഴടക്കി.
ഇന്ററിനായി ലൗതാരൊ മാര്ട്ടിനെസ് (1, 52) ഇരട്ടഗോള് സ്വന്തമാക്കി. ഹകാന് ചാല്ഹാനോഗ്ലു (45+2), മാര്ക്കസ് തുറാം (55), നിക്കോളോ ബരെല്ല (63) എന്നിവരാണ് ഇന്ററിന്റെ മറ്റുഗോള് നേട്ടക്കാര്.
72 പോയിന്റുമായി ഇന്റര് മിലാന് ഒന്നാം സ്ഥാനത്ത് തുടരുന്നു. 63 പോയിന്റുമായി എസി മിലാനാണ് രണ്ടാമത്.
Sports
ഫിഫ ലോകകപ്പ് ഏറ്റവും കൂടുതല് സ്വന്തമാക്കിയതില് ബ്രസീലിനു (5) പിന്നില് രണ്ടാം സ്ഥാനം പങ്കിടുന്ന ടീമാണ് (ജര്മനിക്കും 4 കിരീടം) അസൂറികള് എന്നറിയപ്പെടുന്ന ഇറ്റലി.
പ്രതിരോധ ഫുട്ബോളിന്റെ മനോഹാരിത ലോകത്തിനു മുന്നില് കാഴ്ചവച്ചവര്. ഒരൊറ്റ ഗോള് മതിയായിരുന്നു ഒരുകാലത്ത് ഇറ്റലിക്ക് ജയിച്ചു കയറാന്.
2006ല് ഇറ്റലി ലോകകപ്പ് ഉയര്ത്തിയത് സെന്റര് ബാക്കായ ഫാബിയൊ കന്നവാരോയുടെ ക്യാപ്റ്റന്സിയിലായിരുന്നു. എന്നാല്, പിന്നീടങ്ങോട്ട് ഇറ്റാലിയന് ഫുട്ബോള് തകരുന്നതാണ് കണ്ടത്.
2010, 2014 ലോകകപ്പുകളില് യോഗ്യത നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാന് കഴിഞ്ഞില്ല. 2010 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില് ഒരു ജയം പോലുമില്ലായിരുന്നു. 2014 ഗ്രൂപ്പ് ഘട്ടത്തില് രണ്ട് തോല്വി വഴങ്ങി. ഇക്കാലത്തിനിടെ 2020 യുവേഫ യൂറോ കപ്പ് സ്വന്തമാക്കായിതു മാത്രമാണ് ഇറ്റലിയുടെ ഏക ആശ്വാസം.
അടിസ്ഥാനം തകര്ന്നു
2006 ലോകകപ്പ് ഫൈനലില് ഫ്രാന്സിനെ കീഴടക്കിയായിരുന്നു ഇറ്റലി ചാമ്പ്യന്മാരായത്. ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതി കന്നവാരോയുടെ സംഘത്തിനുണ്ടായിരുന്നു. 1992, 1996 യൂറോപ്യന് അണ്ടര് 21 ചാമ്പ്യന്മാരായ ഇറ്റാലിയന് സംഘത്തിന്റെ സീനിയര് വിളവെടുപ്പായിരുന്നു 2006 ലോകകപ്പ് കിരീടം.
ഒരുകാലത്ത് ഇറ്റലിയുടെ ഒന്നാം ഡിവിഷന് ഫുട്ബോള് ലീഗായ സീരി എയില്, യൂറോപ്യന്സ് അല്ലാത്ത മൂന്നു കളിക്കാരെ മാത്രമേ ഒരു ക്ലബ്ബിന് ഒരേ സമയം കളത്തില് ഇറക്കാന് സാധിക്കുമായിരുന്നുള്ളൂ. എന്നാല്, 1995ല് അതിനു മാറ്റംവന്നു. അതോടെ വിദേശ കളിക്കാരുടെ തള്ളിക്കയറ്റമുണ്ടായി. യുവ ഇറ്റാലിയന് താരങ്ങള്ക്ക് ക്ലബ്ബുകളുടെ ഫസ്റ്റ് ടീമില് ഇടംലഭിക്കാതായി.
മാത്രമല്ല, ഇറ്റലിയിലെ ഫുട്ബോള് അക്കാദമികളില്നിന്ന് നിലവിലെ രാജ്യാന്തര ക്വാളിറ്റിയുള്ള കളിക്കാര് എത്താത്തതും പ്രധാന പ്രശ്നമാണ്.
ലോകത്തില് ഏറ്റവും വരുമാനമുള്ള ഫുട്ബോള് ക്ലബ്ബുകളുടെ പട്ടികയില് ആദ്യ പത്തിനുള്ളില് ഒരു ഇറ്റാലിയന് ടീമും ഇല്ലെന്നതും ശ്രദ്ധേയം.
സ്റ്റേഡിയങ്ങള് നവീകരിക്കാന് പോലും ഇറ്റാലിയന് ക്ലബ്ബുകള്ക്കു സാമ്പത്തികശേഷിയില്ല.
Sports
മിലാൻ: ഇറ്റലിക്ക് ഇത്തവണയും ഫിഫ വേൾഡ് കപ്പ് യോഗ്യത നേടാനായില്ല. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബോസിനിയ ആൻഡ് ഹെർസഗോവിനയോട് പരാജയപ്പെട്ടതോടെയാണ് ഇറ്റലിക്ക് യോഗ്യത നേടാൻ സാധിക്കാതിരുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് ഇറ്റലിക്ക് ഫിഫ വേൾഡ് കപ്പിന് യോഗ്യത നേടാൻ സാധിക്കാത്തത്.
സെനിക്കയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഇരു ടീമുകളും നിശ്ചിത സമയത്തും അധികസമയത്തും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. തുടർന്ന് പെരുനാൾറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരം ബോസ്നിയ 4-1 ന് സ്വന്തമാക്കുകയായിരുന്നു.
ജെനാറോ ഗാട്ടൂസോയുടെ നേതൃത്വത്തിലുള്ള ഇറ്റലിക്ക് ആദ്യ 15 മിനുട്ടിനുള്ളിൽ തന്നെ മോയ്സ് കീൻ ലീഡ് നേടികൊടുത്തിരുന്നു. എന്നാൽ, കളിയുടെ ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ഇറ്റലിയുടെ പ്രതിരോധ താരം അലസാൻഡ്രോ ബാസ്റ്റോണി റെഡ് കാർഡ് കണ്ട പുറത്തയത് ടീം വലിയ തിരിച്ചടിയായി.
പത്തുപേരായി ചുരുങ്ങിയ ടീം ലീഡ് വിട്ടുകൊടുക്കാതെ പൊരുതിയെങ്കിലും മത്സരത്തിന്റെ 79-ാം മിനുട്ടിൽ സമനില വഴങ്ങി. ബോസ്നിയക്കായി ഹാരിസ് ടബാക്കോവിച്ചാണ് സമനില ഗോൾ നേടിയത്.
2014 -ലാണ് ഇറ്റലി അവസാനമായി ലോകകപ്പ് യോഗ്യത നേടുന്നത്. അന്ന് അവർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. 2006 -ലായിരുന്നു ഇറ്റലി അവസാനമായി കപ്പുയർത്തിയത്.
International
റോം: അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് വ്യോമതാവളം നിഷേധിച്ച് ഇറ്റലി. സിസിലിയിലെ സിഗോനെല്ല വ്യോമതാവളം ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യർഥനയാണ് ഇറ്റലി നിരസിച്ചത്.
യുഎസ് യുദ്ധവിമാനങ്ങൾക്ക് പ്രതിരോധ മന്ത്രി ഗുയ്ഡോ ക്രൊസെത്തോ അനുമതി നിഷേധിച്ചതായി ഇറ്റാലിയൻ ദിനപത്രം റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് ഇറ്റാലിയൻ സർക്കാർ പരസ്യമായി പ്രതികരിച്ചിട്ടില്ല.
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇടപെടുന്നത് ഒഴിവാക്കാൻ ഇറ്റലിയിലെ യുഎസ് താവളങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്ന് പ്രതിപക്ഷ പാർട്ടികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
യുഎസ് ഇത്തരം ആവശ്യമുന്നയിച്ചാൽ പാർലമെന്റിന്റെ അനുമതി തേടുമെന്ന് പ്രധാനമന്ത്രി ജോർജിയ മെലോണി അറിയിക്കുകയും ചെയ്തു.
സൈനിക സാമഗ്രികളുമായി ഇസ്രയേലിലേക്കുപോകുന്ന വിമാനങ്ങൾക്ക് ഫ്രാൻസിന്റെ ആകാശം നിഷേധിച്ചതും അമേരിക്കയ്ക്കു തിരിച്ചടിയായി.
ഫ്രാൻസിനെ വളരെ നിസഹായർ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചു.
Sports
സെനിക്ക: 2026 ഫിഫ ലോകകപ്പ് ഫുട്ബോളില് ഇറ്റലി ഉണ്ടാകുമോ എന്നതിന്റെ ഉത്തരം ഇന്ന്.
യൂറോപ്യന് യോഗ്യതാ പ്ലേ ഓഫ് പാത്ത് എ ഫൈനലില് ഇറ്റലി ഇന്ന് അര്ധരാത്രി 12.15ന് ബോസ്നിയ ആന്ഡ് ഹെര്സെഗോവിനയെ നേരിടും. ജയിക്കുന്ന ടീമിനു 2026 ലോകകപ്പ് യോഗ്യത ലഭിക്കും. കഴിഞ്ഞ രണ്ട് (2018, 2022) ഫിഫ ലോകകപ്പിലും ഇറ്റലിക്കു യോഗ്യത ലഭിച്ചിരുന്നില്ല.
ഇന്നു നടക്കുന്ന മറ്റ് മൂന്നു ഫൈനലുകളിലായി (പാത്ത് ബി, സി, ഡി) സ്വീഡന് പോളണ്ടിനെയും കൊസോവൊ തുര്ക്കിയെയും ചെക് റിപ്പബ്ലിക്ക് ഡെന്മാര്ക്കിനെയും നേരിടും.
പ്ലേ ഓഫ് ഫൈനലുകളില് ജയിക്കുന്ന നാല് ടീമിനും ലോകകപ്പ് ടിക്കറ്റ് ലഭിക്കുന്നതോടെ യൂറോപ്യന് യോഗ്യതാ റൗണ്ട് പൂര്ത്തിയാകും.
Sports
മിലാന്: 2014നുശേഷം ഒരു ഫിഫ ലോകകപ്പ് എന്ന ലക്ഷ്യത്തോടെ അസൂറികള് എന്നറിയപ്പെടുന്ന ഇറ്റലി കളത്തില്.
2018, 2022 ഫിഫ ലോകകപ്പ് ഫുട്ബോള് പോരാട്ടങ്ങളില് യോഗ്യത നേടാന് സാധിക്കാതിരുന്ന ഇറ്റലിക്ക്, 2026ലും നേരിട്ടു ടിക്കറ്റ് ലഭിച്ചില്ല. യൂറോപ്യന് പ്ലേ ഓഫിലൂടെ വേണം ഇറ്റലിക്ക് ഇത്തവണ ലോകകപ്പ് യോഗ്യത നേടാന്.
ഇന്നു രാത്രി 10.30 മുതല് യൂറോപ്യന് യോഗ്യതാ പ്ലേ ഓഫ് സെമി പോരാട്ടങ്ങള് അരങ്ങേറും. നോര്ത്തേണ് അയര്ലന്ഡാണ് പ്ലേ ഓഫ് സെമിയില് ഇറ്റലിയുടെ എതിരാളികള്.
ഇതില് ജയിച്ചാല് ഫൈനല്. വെയ്ല്സ് x ബോസ്നിയ ആന്ഡ് ഹെര്സെഗോവിന പ്ലേ ഓഫ് സെമി ജേതാക്കളുമായാണ് ഫൈനല്. ഈ ഫൈനലില് ജയിക്കുന്ന ടീമിനാണ് ലോകകപ്പ് യോഗ്യത ലഭിക്കുക.
ഇന്നാരംഭിക്കുന്ന യൂറോപ്യന് പ്ലേ ഓഫ് ഘട്ടത്തില് നാല് പാത്തുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. നാല് പാത്തിലെയും ഫൈനല് ജേതാക്കള്ക്കാണ് ലോകകപ്പ് യോഗ്യത.
ജൂണ് 11 മുതല് ജൂലൈ 19വരെ അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങള് സംയുക്തമായാണ് 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 48 ടീമുകള് പങ്കെടുക്കുന്ന ആദ്യ ലോകകപ്പാണ്. 16 ടീമുകളാണ് യൂറോപ്പില്നിന്ന് ലോകകപ്പിനെത്തുന്നത്. ഇതില് 12 ടീമുകള് ഇതിനോടകം യോഗ്യത നേടി. ശേഷിക്കുന്ന നാല് സ്പോട്ടുകള്ക്കായാണ് പ്ലേ ഓഫ് നടക്കുന്നത്.
ഫിഫ ലോകകപ്പ് ഏറ്റവും കൂടുതല് സ്വന്തമാക്കിയതില് ജര്മനിക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് ഇറ്റലി. ഇരുടീമും നാലു തവണ വീതം ഫിഫ ലോകകപ്പ് ചാമ്പ്യന്മാരായി.
1934, 1938, 1982, 2006 എഡിഷനുകളിലായിരുന്നു ഇറ്റലി ലോകകപ്പുയര്ത്തിയത്. എന്നാല്, 1958ല് ആയിരുന്നു ഇറ്റലിക്ക് ആദ്യമായി യോഗ്യത ലഭിക്കാതിരുന്നത്. ചരിത്രത്തില് ആദ്യമായി തുടരെ രണ്ട് ലോകകപ്പിനു യോഗ്യത നേടാന് സാധിക്കാതിരുന്നതിന്റെ നാണക്കേടും അസൂറികള്ക്കുണ്ട്.
ഇറ്റലിക്കൊപ്പം റോബര്ട്ട് ലെവന്ഡോവ്സ്കിയുടെ പോളണ്ട്, അര്ദ ഗുലറിന്റെ തുര്ക്കി ടീമുകളും പ്ലേ ഓഫ് സെമി പോരാട്ട രംഗത്തുണ്ട്.
NRI
നാപോളി: ഇറ്റലിയിലെ സലെർണോ പ്രൊവിൻസിൽ നോചെറ ഇൻഫെരിയോറേയിൽ മലയാളികളുടെ ക്ഷേമപ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് അസോസിയേഷൻ ഓഫ് തണൽ ഇറ്റലി രൂപീകരിച്ചു.
നൊചെറ ഇൻഫീരിയോറിലെ ഡയാന ഹാളിൽ നടന്ന രൂപീകരണയോഗം പ്രസിഡന്റ് റീതാ പുന്നയ്ക്കലിന്റെ അധ്യക്ഷതയിൽ റവ.ഫാ. ജോബി ചെർകോട്ട് ഉദ്ഘാടനം ചെയ്തു.
ലാലു മൈക്കിൾ, രക്ഷാധികാരി ഡോ. പൗലോ അറ്റിയാൻസ്, ഡോ. ഓറിക്കോ കർമിനെ, അമേലിയ വില്ലനി, ജെയിംസ് പാറക്ക, ജിയോ ഏലിയാസ് എന്നിവർ സംസാരിച്ചു.
Sports
കോൽക്കത്ത: ട്വന്റി 20 ലോകകപ്പിൽ ഇറ്റലിക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. കോൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 24 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ഇംഗ്ലണ്ട് ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇറ്റലി 178 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 60 റൺസെടുത്ത ബെൻ മാനെന്റിയും 45 റൺസെടുത്ത ഗ്രാന്റ് സ്റ്റിവാർട്ടും 43 റൺസെടുത്ത ജസ്റ്റിൻ മോസ്കയും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർടണും സാം കറണും മൂന്ന് വിക്കറ്റ് വീതമെടുത്തു. ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റും വിൽ ജാക്ക്സും ആദിൽ റഷീദും ഓരോ വിക്കറ്റ് വീതവും എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 202 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ വിൽ ജാക്സിന്റെ മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ജാക്സ് 53 റൺസെടുത്ത് പുറത്താകാതെ നിന്നു. 22 പന്തിൽ മൂന്ന് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ജാക്സിന്റെ ഇന്നിംഗ്സ്.
ടോം ബാന്റൺ 30 റൺസും ഫിൽ സാൾട്ട് 28 റൺസും സാം കരൺ 25 റൺസും സ്കോർ ചെയ്തു. ഇറ്റലിക്ക് വേണ്ടി ഗ്രാന്റ് സ്റ്റിവാർട്ടും ക്രിഷൻ കലുഗാമാഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജെ.ജെ. സ്മട്ട്സും അലി ഹസനും ബെൻ മനെന്റിയും ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
കോൽക്കത്ത: ട്വന്റി 20 ലോകകപ്പിൽ ഇറ്റലിക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണെടുത്തത്.
അർധ സെഞ്ചുറി നേടിയ വിൽ ജാക്സിന്റെ മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ജാക്സ് 53 റൺസെടുത്ത് പുറത്താകാതെ നിന്നു. 22 പന്തിൽ മൂന്ന് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ജാക്സിന്റെ ഇന്നിംഗ്സ്.
ടോം ബാന്റൺ 30 റൺസും ഫിൽ സാൾട്ട് 28 റൺസും സാം കരൺ 25 റൺസും സ്കോർ ചെയ്തു. ഇറ്റലിക്ക് വേണ്ടി ഗ്രാന്റ് സ്റ്റിവാർട്ടും ക്രിഷൻ കലുഗാമാഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജെ.ജെ. സ്മട്ട്സും അലി ഹസനും ബെൻ മനെന്റിയും ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
കോൽക്കത്ത: ട്വന്റി 20 ലോകകപ്പിൽ ഇറ്റലിക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് മുതൽ കോൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം.
ടീം ഇംഗ്ലണ്ട്: ഫിലിപ് സാൾട്ട്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ജേക്കബ് ബേതൽ, ടോം ബാന്റൺ, ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), സാം കരൺ, വിൽ ജാക്ക്സ്, ജാമി ഓവർട്ടൺ, ലിയാം ഡോവ്സൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്.
ടീം ഇറ്റലി: ജസ്റ്റിൻ മോസ്ക, ആന്റണി മോസ്ക, ജെ.ജെ. സ്മട്ട്സ്, ഹാരി മാനെന്റി (ക്യാപ്റ്റൻ), ബെൻ മാനെന്റി, മാർകസ് കംപോപിയാനോ, ഗ്രാന്റ് സ്റ്റിവാർട്ട്, ജിയാൻ മിയാഡെ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് സിംഗ്, ക്രിഷൻ കലുഗമാഗെ, അലി ഹസൻ.
NRI
റോം: ലോക കേരള സഭയുടെ അഞ്ചാം പതിപ്പിൽ ഇറ്റലിയിൽ നിന്ന് ബെന്നി വെട്ടിയാടനും എബിൻ പാരിക്കാപ്പള്ളിയും സി.ഐ. നിയാസും പ്രതിനിധികളായി പങ്കെടുക്കും.
ഈ 29 മുതൽ 31 വരെ തിരുവനന്തപുരത്താണ് ലോക കേരള സഭ നടക്കുന്നത്. 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അഞ്ഞൂറിലധികം മലയാളി പ്രവാസികളുടെ പ്രതിനിധികൾ പങ്കെടുക്കും.
ബെന്നി മാത്യു
തൃശൂർ അന്നമനട ഇടയാറ്റൂർ പുതുശേരി വെട്ടിയാടൻ വീട്ടിൽ മാത്യു - ആനി ദമ്പതികളുടെ മകൻ ബെന്നി മാത്യു ഇറ്റലിയിലെ അലിക് ഇറ്റലിയുടെ മുൻ പ്രസിഡന്റാണ്.
സീറോമലബാർ സഭ പാരിഷ് കൗൺസിൽ അംഗവും റോമിലെ സാംസ്കാരിക സംഘടനകളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. ഭാര്യ: ലിജി.
എബിൻ പരിക്കാപ്പള്ളിൽ
ഇറ്റലിയിലെ പ്രമുഖ മലയാളി സംഘടനയായ അലിക് ഇറ്റലിയുടെ മുൻ സെക്രട്ടറിയാണ്. ഇറ്റലിയിലെ പ്രവാസി കേരള കോൺഗ്രസ് എം രക്ഷാധികാരി എന്ന നിലയിലും പ്രവർത്തിക്കുന്നു.
കണ്ണൂർ ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ പാരിക്കാപ്പള്ളിൽ അബ്രാഹാമിന്റെയും ചിന്നമ്മയുടെയും മകനാണ്. ഭാര്യ: ജാൻസി.
സി.ഐ. നിയാസ്
തൃശൂർ മാള ചൊവ്വരക്കാരൻ വീട്ടിൽ സി. കെ. ഇസ്മായിലിന്റെയും ബീഫാത്തിമയുടെയും മകനാണ് സി. ഐ. നിയാസ്. രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ ജനറൽ സെക്രട്ടറിയും ചെയർമാനും ഖജാൻജിയുമായി പ്രവർത്തിച്ചിട്ടുണ്ട്.
ഇറ്റലിയിലെ റോമിൽ ജോലി ചെയ്തുവരുന്നു. ഭാര്യ: രേഷ്മ.
International
റോം: ട്രംപ് രൂപവത്കരിച്ച ഗാസ സമാധാന ബോർഡിൽ അംഗമാകാനുള്ള ക്ഷണം ഇറ്റലിയും നിരസിച്ചതായി റിപ്പോർട്ട്.
ഒരു രാജ്യം മാത്രം നേതൃത്വം നല്കുന്ന ഇത്തരം സംഘടനയിൽ ചേരുന്നത് ഭരണഘടനാ ലംഘനമാകുമെന്ന് ഇറ്റലിയിലെ ജോർജിയ മെലോണി സർക്കാർ ആശങ്കപ്പെടുന്നുവെന്നാണ് അവിടത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി ജോർജിയ മെലോണിക്കു ട്രംപുമായി അടുത്ത ബന്ധമാണുള്ളത്.
ട്രംപ് ചെയർമാനായ സമാധാന ബോർഡ് ഗാസയ്ക്കു പുറമേ മറ്റ് അന്താരാഷ്ട്ര സംഘർഷങ്ങളും കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നതായിട്ടാണു റിപ്പോർട്ട്. ഇത്തരം നടപടികൾ ഐക്യരാഷ്ട്രസഭയെ അസ്ഥിരപ്പെടുത്തുമെന്ന ഭീതി ശക്തമായിട്ടുണ്ട്. ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്ഥാൻ തുടങ്ങി 60 രാജ്യങ്ങളെ ബോർഡ് അംഗത്വത്തിനായി ട്രംപ് ക്ഷണിച്ചിട്ടുണ്ട്. ബോർഡിൽ സ്ഥിരാംഗത്വത്തിന് 100 കോടി ഡോളർ നല്കണമത്രേ. നേരത്തേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ക്ഷണം നിരസിച്ചിരുന്നു.
നെതന്യാഹുവിനു സമ്മതം
ട്രംപിന്റെ സമാധാന ബോർഡിൽ അംഗമാകാൻ സമ്മതിച്ചതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. നേരത്തേ നെതന്യാഹുവിന്റെ ഓഫീസ് ബോർഡിലെ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപവത്കരണത്തെ വിമർശിച്ചിരുന്നു.
യുഎഇ, മൊറോക്കോ, വിയറ്റ്നാം, ബെലാറൂസ്, ഹംഗറി, കസാക്കിസ്ഥാൻ, അർജന്റീന എന്നിവയാണ് ബോർഡിൽ അംഗമാകാൻ ശ്രമിച്ച മറ്റു രാജ്യങ്ങൾ.
NRI
റോം: മലയാളികളുടെയും കേരളീയരുടെയും അന്താരാഷ്ട്ര സാഹോദര്യത്തിനായി പ്രവര്ത്തിക്കുന്ന വേള്ഡ് മലയാളി കൗണ്സിലിന് ഇറ്റലിയില് പുതിയ പ്രൊവിന്സ് രൂപികരിച്ചു. സംഘടനയുടെ ഗ്ലോബൽ ചെയർമാൻ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ആണ് റോമിലെ പുതിയ ടീമിനെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്ഷം സംഘടന താത്കാലികമായി തുടങ്ങിയെങ്കിലും ഈ വര്ഷം മുതല് ലോകത്തിലെ മറ്റു വേള്ഡ് മലയാളി കൗണ്സിലുകളുമായി സഹകരിച്ചു ഇറ്റലിയിലെ മറ്റു സംസ്ഥാനങ്ങളിലും കൂടുതല് ചാപ്റ്ററുകള് ആരംഭിച്ച് പ്രവര്ത്തനം വ്യാപിപ്പിക്കും.
സംഘടനയുടെ മറ്റു ഗ്ലോബൽ നേതാക്കളായ ബേബി മാത്യു സോമതീരം, മൂസ കോയ, ജോണി കുരുവിള, ഡോ. നടയ്ക്കൽ ശശി, ചാൾസ് പോൾ, സി.യു. മത്തായി, തോമസ് ചെല്ലത്ത് തുടങ്ങിയവർ റോമിലെ പുതിയ ഭാരവാഹികളെ വേള്ഡ് മലയാളി കൗണ്സിലിന്റെ ഗ്ലോബൽ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു.
ജെജി മാത്യു (ചെയര്മാന്), ജോബി ആണ്ടുകുന്നേല് (പ്രസിഡന്റ്), ഷിജി ജോസഫ് (ജനറല് സെക്രട്ടറി), ഫിലിപ്പ് കുര്യാക്കോസ് (ട്രഷറര്) എന്നിവര് മുഖ്യ ഭാരവാഹികളായി തെരഞ്ഞെടുത്തു.
വൈസ് ചെയര്മാനായി ജോമോന് പത്തില്ചിറ, വൈസ് പ്രസിഡന്റായി ലിബിന് ചുങ്കത്ത്, ജോയിന്റ് സെക്രട്ടറിയായി മോബിന് വര്ഗീസും നിയമിതനായി.
രാജീവ് വേങ്ങാട്ട്, ബെന്നി ജോസഫ്, സനില് മണവാളന്, ജിനോ സി. ജോസഫ്, ബിനു പനച്ചവിള, ഡീവിന് ഡേവി എന്നിവര് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ചുമതലയേറ്റു.
വനിതകള്ക്ക് വേണ്ടിയുള്ള മറ്റൊരു കൗണ്സിലും രൂപീകരിച്ചിച്ചുകൊണ്ടിരിക്കുകയാണെന്നും ഫെബ്രുവരിയില് ആദ്യ സമ്മേളനം റോമില് നടക്കുമെന്നും ഭാരവാഹികള് അറിയിച്ചു.
NRI
റോം: ഇറ്റലിയിൽ പുതിയ മലയാളി സംഘടന രൂപീകരിച്ച് ഉദ്ഘാടനം ചെയ്തു. റോമാ Via Populonia - 44 -ൽ നടന്ന ITMA ക്രിസ്മസ് ആഘോഷത്തിലാണ് സംഘടന നിലവിൽ വന്നത്. ഇറ്റലിയിലെ മലയാളി സമൂഹത്തിന് ആവേശവും ആത്മവിശ്വാസവും പുതുക്കിക്കൊടുക്കുന്നതിനായി രൂപംകൊണ്ട പുതിയ മലയാളി സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രഫ. ജോസ് ഫിലിപ്പ് നിർവഹിച്ചു.
ഇറ്റലിയിലെ മലയാളികളുടെ സമൂഹബന്ധം ശക്തിപ്പെടുത്തുകയും സംയുക്ത മുന്നേറ്റം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. തോമസ് കുര്യൻ പ്രഖ്യാപിച്ചു.
മനുഷ്യന്റെ യഥാർത്ഥ വളർച്ച സംഘടിത ശക്തിയും സമൂഹ കെട്ടുറപ്പുമാണ് നിർണ്ണയിക്കുന്നത്. പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും ചേർന്നാണ് ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് മലയാളികൾ പുറപ്പെട്ടതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ച പ്രഫ. ജോസ് ഫിലിപ്പ് പറഞ്ഞു.
എന്നാൽ ഭാഷാപ്രശ്നങ്ങൾ, പഠിച്ച ജോലി ചെയ്യാൻ കഴിയാതെ വരുക തൊഴിൽസ്ഥിരത, രേഖാപ്രശ്നങ്ങൾ, കുടുംബസമ്മർദ്ദങ്ങൾ തുടങ്ങിയ വിദേശജീവിതത്തിലെ യാഥാർത്ഥ്യങ്ങൾ പലപ്പോഴും അവരെ പരീക്ഷിക്കാറുണ്ട്. അതേസമയം, ഈ വെല്ലുവിളികൾക്കിടയിലും മലയാളികൾ സ്ഥിരതയും പരിശ്രമവുംകൊണ്ട് മുന്നേറി ശക്തി തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറ്റലിയിലെ തൊഴിലവസരങ്ങളിലേക്ക് പ്രവേശിച്ച മലയാളികൾ, ഹോട്ടൽ മേഖല, ഫാക്ടറി, കെയർസർവീസ്, കാർഷികം, ക്ലീനിംഗ് തുടങ്ങിയ വ്യവസായ മേഖലകളിൽ ആദ്യം പ്രവർത്തനം ആരംഭിച്ചെങ്കിലും, പിന്നീട് മാന്യത, സത്യസന്ധത, യോഗ്യത, കഠിനപ്രയത്നം എന്നിവയുടെ ബലംകൊണ്ട് സമൂഹത്തിന്റെ മുൻനിരയിൽ എത്തിനിൽക്കുന്നവരായി അവർ മാറിയതായി അദ്ദേഹം പറഞ്ഞു.
വിദേശജീവിതത്തിൽ സ്ഥിരതയും വികസനവും കൂടുതൽ ഉറപ്പാക്കുന്നതിനായി പ്രഫ. ജോസ് ഫിലിപ്പ് നിർദേശിച്ച പ്രധാന ഘടകങ്ങൾ ചുവടെപ്പറയുന്നവയാണ്: ഇറ്റാലിയൻ ഭാഷ നന്നായി പഠിക്കുക, താമസിക്കുന്ന രാജ്യത്തിലെ നിയമങ്ങളും ഭരണനടപടികളും വ്യക്തമായി മനസിലാക്കുക, ഏതു ജോലിയെയും മാന്യമായ തൊഴിൽ എന്ന ബോധ്യത്തോടെ ചെയ്യുക, ശാരീരികാരോഗ്യവും മാനസികശക്തിയും നിലനിർത്തുക. ഈ മൂല്യങ്ങൾ പ്രായോഗികമാക്കുമ്പോഴാണ് കുടിയേറ്റജീവിതത്തിൽ സ്ഥിരതയും സുരക്ഷിതമായ മുന്നേറ്റവും ഉറപ്പുവരുത്താൻ കഴിയുന്നത്.
NRI
മാറിയിടം: പെല്ലത്താൽ ജോസഫിന്റെ ഭാര്യ മറിയകുട്ടി (91) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മാറിയിടം തിരുഹൃദയ ദേവലയത്തിൽ.
പരേത മാറിയിടം പടിക്ക മ്യാലിൽ കുടുംബാഗമാണ്. മക്കൾ: എത്സമ്മ, ആലീസ്, സിസ്റ്റർ മേഴ്സി ഡിഎസ്എഫ്എസ് (ഇറ്റലി), സജി, ബിനോയി, ബിന്ദു, സോണിയ ഇരുവരും (ഇറ്റലി).
മരുമക്കൾ: പരേതനായ ജോൺ കല്ലോലിൽ (മാറിയിടം), കുര്യൻ മാത്യൂ കൈമാരിയേൽ (ഇലഞ്ഞി), റെനി അയിത്തി ചിറയിൽ (ചാമക്കാല), സിന്ധു നെല്ലിക്കാക്കുഴിയിൽ (കൂടല്ലൂർ), സിജു പീടികയിൽ (വെളിയനാട്), സിറിൾ മഴുപ്പേൽ (പയസ്മൗണ്ട്) (ഇരുവരും ഇറ്റലി).
Sports
മിലാൻ: 2014നുശേഷം ഇതുവരെ ഇറ്റലിക്കു ലോകകപ്പ് ഫുട്ബോള് കളിക്കാന് സാധിച്ചിട്ടില്ല. 2018, 2022 എഡിഷനുകളില് നേരിട്ടും പ്ലേ ഓഫിലൂടെയും യോഗ്യത നേടാന് ഇറ്റലിക്കു കഴിഞ്ഞില്ലെന്നതും ചരിത്രം. നാല് തവണ ലോക ചാമ്പ്യന്മാരായ ഇറ്റലി തുടര്ച്ചയായ മൂന്നാം തവണയും യോഗ്യത നേടില്ലേ എന്നതാണ് അറിയേണ്ടത്.
യുവേഫ യൂറോപ്യൻ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ഐയില് നോര്വെയ്ക്കു പിന്നില് രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത ഇറ്റലിക്കാര് പ്ലേ ഓഫ് ജയിച്ചാല് മാത്രമേ 2026 ലോകകപ്പില് കളിക്കൂ.
ഇംഗ്ലണ്ട്, ഫ്രാന്സ്, ക്രൊയേഷ്യ, പോര്ച്ചുഗല്, നോര്വെ ടീമുകളാണ് ഇതുവരെ യൂറോപ്പില്നിന്ന് നേരിട്ട് യോഗ്യത ഉറപ്പാക്കിയത്.
യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ജേതാക്കൾക്കാണ് നേരിട്ട് ലോകകപ്പ് ടിക്കറ്റ് ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് പ്ലേ ഓഫിലൂടെ ലോകകപ്പ് യോഗ്യത നേടാനുള്ള അവസരമുണ്ട്.
Sports
മിലാൻ: 2026ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടി നോർവെ. ഞായറാഴ്ച നടന്ന യോഗ്യതാ മത്സരത്തിൽ കരുത്തരായ ഇറ്റലിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
നോർവെയ്ക്ക് വേണ്ടി സൂപ്പർ താരം എർലിംഗ് ഹാലണ്ട് രണ്ട് ഗോളുകളും അന്റോണിയോ നൂസയും യോർഗെൻ സ്ട്രാൻഡ് ലാർസനും ഓരോ വീതവും നേടി. പിയോ എസ്പോസിറ്റോ ആണ് ഇറ്റലിക്കായി ഗോൾ സ്കോർ ചെയ്തത്.
മത്സരത്തിൽ പരാജയപ്പെട്ടതോടെ ലോകകപ്പ് യോഗ്യതയ്ക്കായി ഇറ്റലിക്ക് പ്ലേ ഓഫിൽ കളിക്കണം. ഗ്രൂപ്പ് ഐയിൽ 24 പോയിന്റുമായി നോർവെ ഒന്നാം സ്ഥാനത്തും 18 പോയിന്റുമായി ഇറ്റലി രണ്ടാം സ്ഥാനത്തുമാണ് ഫിനീഷ് ചെയ്തത്.
NRI
റോം: തെക്കൻ ഇറ്റലിയിലെ മറ്റേര നഗരത്തിലുണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർ മരിച്ചു. റോമിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. മനോജ്കുമാർ, സുർജിത് സിംഗ്, ഹർവീന്ദർ സിംഗ്, ജസ്കരൻ സിംഗ് എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റി. ട്രക്കിന്റെ ഡ്രൈവർക്കു പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവം അന്വേഷിക്കാൻ മറ്റേര പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് തീരുമാനിച്ചിട്ടുണ്ട്.
NRI
റോം: അങ്കമാലി ഫ്രണ്ട്സ് ഇറ്റലി എന്ന സംഘടനയുടെ ഈ വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: രക്ഷാധികാരി - ജോയ് പോൾ ഇരുമ്പൻ, പ്രസിഡന്റ് - വർക്കി കോളാട്ടുകുടി, വൈസ് പ്രസിഡന്റ് - ജിസ്മോൻ തോമസ്, സെക്രട്ടറി - ജിൻസി തോമസ്, ജോയിന്റ് സെക്രട്ടറി - സനൽ മണവാളൻ, ട്രഷറർ - ബിജു ചിറയത്ത്.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ - ജിൻസൺ പാലാട്ടി, സെബി വിൻസെന്റ്, സ്റ്റാബി ജോസഫ്, ജോയ് പറമ്പി, റിജോ ഡൊമിനിക്ക്, ജിഞ്ചു ആന്റണി, മാർട്ടിൻ ചെറുമഠത്തിൽ, വിൽസൺ ഞാളിയത്ത്, ജാസ്മിൻ ജോസ്, ഫ്ലവർ ജോസ്.